Skip to main content

കൊച്ചി നവകേരള സദസ്സ്: ഒരുക്കങ്ങള്‍ സബ് കമ്മിറ്റി യോഗം വിലയിരുത്തി

 

കൊച്ചി മണ്ഡലം നവ കേരള സദസ്സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെ.ജെ മാക്‌സി എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡല സദസിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള 12 സബ് കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തി.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കുന്നതിനായി കൊച്ചിയില്‍ 49000 ചതുരശ്ര അടി വിസ്തൃതിയിലാണ് പന്തല്‍ ഒരുക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ 25 കൗണ്ടറുകള്‍ സജ്ജീകരിക്കും. ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നതിനായി നിയോഗിക്കുന്ന വാളന്റിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. 

പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് 15 കൗണ്ടറുകള്‍ ഒരുക്കും. വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ടാകും.

നവ കേരള സദസിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ചേരുന്ന ബൂത്ത് തല യോഗങ്ങള്‍ മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിന് ഫോര്‍ട്ട്‌കൊച്ചി കമാലക്കടവ് മുതല്‍ വെളി മൈതാനം വരെ വനിതകളുടെ വാക്കത്തണ്‍, ഡിസംബര്‍ അഞ്ചിന് റോഡ് ഷോ എന്നിവ സംഘടിപ്പിക്കും. 

കൊച്ചിന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 8ന് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടിനാണ് നവ കേരള സദസ്സ് നടക്കുന്നത്.

date