Skip to main content

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ : ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി 

 

ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിച്ച സ്ഥാപനമായി എറണാകുളം ജനറൽ ആശുപത്രി.  ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റിലെ യൂറോളജി ഒന്ന്, രണ്ട് തിയേറ്ററുകളിലായി നടന്ന രണ്ട് ശസ്ത്രക്രിയകളിലൂടെയാണ് ചേർത്തല സ്വദേശിയായ 28 കാരന്  വൃക്ക മാറ്റിവെച്ചത്.
 യൂറോളജിസ്റ്റായ ഡോ. അനൂപ് കൃഷ്ണൻ, നെഫ്രോളജിസ്റ്റായ ഡോ.സന്ദീപ് ഷേണായി, അനെസ്തേറിസ്റ്റായ ഡോ. വി. മധു  എന്നിവർ ശസ്ത്രക്രിയയ്ക്ക്   നേതൃത്വം നൽകി.

ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ, ആദ്യമായി അവയവ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയ ഇന്ത്യയിലെ ജില്ലാ/ജനറൽ ആശുപത്രി വിഭാഗത്തിൽ ആദ്യത്തേതും, കേരളത്തിലെ സർക്കാർ മേഖലയിലെ  ആശുപത്രികളിൽ  അഞ്ചാമത്തെയും സ്ഥാപനമെന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രി സ്വന്തമാക്കി.

സർക്കാർ മേഖലയിൽ  തിരുവനന്തപുരം, ആലപ്പുഴ,  കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ മാത്രമാണ് നിലവിൽ ശസ്ത്രക്രിയ നടത്തുന്നത് .
ഒക്ടോബറിലാണ് കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഔദ്യോഗിക  അംഗീകാരം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ
(K-SOTO)  നിൽ നിന്നും ലഭിച്ചത്.

ഇന്ത്യയിലെ  മുതിർന്ന യൂറോളജിസ്റ്റായ, ഏറ്റവും കൂടുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുള്ള ഡോക്ടർ ജോർജ് പി എബ്രഹാം ജനറൽ ആശുപത്രി സംഘത്തിന്  സാങ്കേതിക സഹായവും പരിശീലനങ്ങളും നൽകി. രണ്ടാഴ്ചയ്ക്കു മുൻപ്  വൃക്ക സംബന്ധമായ പരിശോധനക്കായി  ആശുപത്രിയിൽ എത്തിയ ചേർത്തല സ്വദേശിയായ അബിനാണ് സ്വന്തം  മാതാവ് വൃക്ക ദാനം ചെയ്തത്.

കിഫ്‌ബി ഫണ്ടിൽ നിന്നും 72കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ യൂറോളജി വിഭാഗത്തിനായി ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ തിയറ്റർ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ സജ്ജീകരണങ്ങൾ എച്ച് ഡി എസ് ഫണ്ട്  ഉപയോഗിച്ച് സാധ്യമാക്കി.

ഡോക്ടമാരായ അഞ്ചു രാജ് , രേണു,  മിഥുൻ ബാബു ,സീനിയർ നഴ്സിംഗ് ഓഫീസറായ  ശ്യാമള,  നഴ്സിംഗ് ഓഫീസർമാരായ ചിന്നൂ രാജ് , പ്രീനുമോൾ ,മുഹമ്മദ് ഷഫീഖ്, സി എൻ ആശാ, അനസ്തേഷ്യ ടെക്നീഷ്യന്മാരായ അശ്വതി ,റാഷിദ് ,മേഘന ,അലീന എന്നിവരും  പി പി വിഷ്ണു,സുനിജ ,അഖിൽ എന്നിവരും അടങ്ങുന്ന സംഘമാണ്  സർജറി നടത്തിയത്.

date