Skip to main content

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ സ്‌കൂബ ഡൈവിങ്

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ സ്‌കൂബ ഡൈവിങിന് അവസരം ഒരുക്കുന്നു.

അക്വാലിയോ പാഡി ഡൈവ് സെന്റര്‍, സഹൃദയ വെല്‍ഫയര്‍ സര്‍വീസ്, അരൂര്‍ റോട്ടറി ക്ലബ് എന്നിവരുടെ  സഹകരണത്തോടെ ഡിസംബര്‍ 3 നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രാരംഭ പരിശീലനത്തിനു ശേഷം തമ്മനം ഒളിമ്പ്യസ് ഐറീന പൂളില്‍ സ്‌കൂബ ഡൈവിങിന് അവസരം നല്‍കും. 12 മുതല്‍ 50 വയസു വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്‌കൂബ ഡൈവിങിനു രാജ്യത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്ക്  സൗജന്യ അവസരം നല്‍കുന്നത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ക്യാമറ ഉള്‍പ്പെടെ 15 ലക്ഷം രൂപ വിലവരുന്ന  വിദേശ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. വെള്ളത്തിനടിയിലെ ട്രെയിനിങ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കു കാണുവാന്‍ ലൈവ് പ്രൊജക്ടര്‍ ഡിസ്‌പ്ലേ സംവിധാനവും ഉണ്ടായിരിക്കും.

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ആദ്യമായി ഡിസേബിള്‍ഡ് അഡ്വഞ്ചര്‍ ക്ലബ്ബ് രൂപീകരിക്കും. കൂടാതെ എറണാകുളം ഡി ടി പി സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂറിസം കേന്ദ്രങ്ങളിലും അന്നേ ദിവസം ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പ്രവേശനം  നല്‍കും.

ലോക ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി രാജ്യങ്ങള്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. ഓരോ വര്‍ഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ഈ ദിനാചരണത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ രക്ഷപ്പെടുത്തുന്നതിനും നേടുന്നതിനുമുള്ള പ്രവര്‍ത്തനത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ  ഭിന്നശേഷി ദിനാചരണത്തിന്റെ പ്രമേയം.

date