Skip to main content
നവകേരള സദസിന്റെ ഭാഗമായി പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗം.

നവകേരള സദസ്; പാലായിൽ വികസന സെമിനാർ ശനിയാഴ്ച

- വിളംബരജാഥ ഡിസംബർ 11ന്

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പാലായിൽ വികസനസെമിനാർ സംഘടിപ്പിക്കും. ശനിയാഴ്ച (ഡിസംബർ 9) രാവിലെ 10 മുതൽ നഗരസഭാ ഹാളിൽ 'മിന്നൽ പ്രളയവും ലഘൂകരണമാർഗങ്ങളും' എന്ന വിഷയത്തിലാണ് വികസന സെമിനാർ. ദുരന്ത നിവാരണ മേഖലയിലെ പ്രമുഖർ ക്ലാസെടുക്കും. ഇതുസംബന്ധിച്ച് നഗരസഭാ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു.
പാലാ നിയോജകമണ്ഡലം സംഘാടകസമിതി ജനറൽ കൺവീനറും ആർ.ഡി.ഒയുമായ പി.ജി. രാജേന്ദ്ര ബാബു ഒരുക്കം വിലയിരുത്തി. മണ്ഡലതല വിളംബരജാഥ ഡിസംബർ 11 നു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മുതൽ സ്റ്റേഡിയം വരെ നടക്കും. ബാൻഡ് സെറ്റ്, ചെണ്ട മേളം, മറ്റു കലാപരിപാടികൾ എന്നിവ വിളംബരജാഥയ്ക്ക് മിഴിവേകും.
ബൂത്തുതല പ്രവർത്തനങ്ങളായ വീട്ടുമുറ്റ സദസുകൾ, മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് വിതരണം, പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കൽ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തി.
നഗരസഭ ഉപാധ്യക്ഷ സിജി പ്രസാദ്, പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു വി. തുരുത്തൻ, തോമസ് പീറ്റർ, ബൈജു കൊല്ലംപറമ്പിൽ, ജോസ് ജെ. ചീരാംകുഴിയിൽ, സതി ശശികുമാർ, ആർ. സന്ധ്യ, ബിജി ജോജോ, ബിന്ദു മനു, മായ പ്രദീപ്, നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

date