Skip to main content
സ്കൂളുകളിൽ അടിസ്ഥാന സൗകര്യത്തിൽ വിപ്ലവം; ഇനി ശ്രദ്ധ അക്കാദമിക നിലവാരത്തിൽ: മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ അടിസ്ഥാന സൗകര്യത്തിൽ വിപ്ലവം; ഇനി ശ്രദ്ധ അക്കാദമിക നിലവാരത്തിൽ: മന്ത്രി വി. ശിവൻകുട്ടി

ഏതു സർക്കാർ ഭരിച്ചാലും കേരളത്തിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്ന് 
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനെ പി. വെമ്പല്ലൂരിൽ എം.ഇ.എസ്. അസ്മാബി കോളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സ്കൂളിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത വേദനാജനകമാണ്. ലോകമെങ്ങും പ്രശസ്തമായ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പേരു മോശമാക്കാൻ ഇടയാക്കുമിത്തരം വാർത്തകൾ.

ഏഴരവർഷം കൊണ്ട് സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവമാണ് സംഭവിച്ചത്. ഇനി അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷം കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. സ്കൂളുകളിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയത് കേരളത്തിലാണ്. 

രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി. നിയമനങ്ങൾ നടക്കുന്നതും കേരളത്തിലാണ്. പൊതു വിദ്യാഭ്യാസ വകുപ്പിൽ മാത്രം കഴിഞ്ഞ വർഷം 11,175 നിയമനങ്ങൾ നടന്നു. ഒരു പാട് പ്രതിസന്ധികൾക്കിടയിലും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞു. കഴിഞ്ഞ അധ്യയനവർഷത്തിന് രണ്ടു മാസം മുമ്പ് പാഠ പുസ്തകങ്ങളും യൂണിഫോമും കുട്ടികൾക്ക് നൽകാനായി എന്നും മന്ത്രി പറഞ്ഞു.

date