Skip to main content

ജനസാഗരത്തെ സാക്ഷിയാക്കി ജില്ലയിലെ ആദ്യ നവകേരള സദസ്സിന് അങ്കമാലിയില്‍ പ്രൗഢോജ്ജ്വല തുടക്കം

 

ജനസാഗരത്തെ സാക്ഷിയാക്കി ജില്ലയിലെ 
ആദ്യ നവകേരള സദസിന് അങ്കമാലിയില്‍ പ്രൗഢോജ്ജ്വല തുടക്കം. ജനകീയ സർക്കാർ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന  ജില്ലയിലെ ആദ്യ നവകേരള സദസ്സ്  ഉത്സവമാക്കി അങ്കമാലിയിലെ ജനങ്ങൾ. വേദിയായ സെന്റ് ജോസഫ് മൈതാനത്ത് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപേ തന്നെ ജനസാഗരം ഒഴുകിയെത്തി. വർണ്ണ ബലൂണുകളാലും കൊടി തോരണങ്ങളാലും അലങ്കരിച്ച വേദിയിൽ കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ട് പ്രകടനം മാറ്റ് കൂട്ടി. നാടൻ പാട്ടിന്റെ താളത്തിനൊപ്പം ആടി തിമിർത്ത് പ്രായഭേദമന്യേ ജനങ്ങൾ നവ കേരള സദസ്സിനെ അങ്കമാലിയുടെ മണ്ണിലെ മറ്റൊരു  ചരിത്രമാക്കി.

 മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കാണാനും നിവേദനങ്ങൾ നൽകാനും വികസന കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനും സ്ത്രീകളും കുട്ടികളും  വയോജനങ്ങളും അടങ്ങുന്ന ജനസഹസ്രങ്ങൾ സെന്റ് ജോസഫ് സ്കൂൾ മൈതാനത്തേക്ക് എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പ് തന്നെ ജനങ്ങളാൽ വേദി നിറഞ്ഞു.

 തിങ്ങിനിറഞ്ഞ ജന സദസ്സിലേക്ക് ആദ്യം എത്തിയത് ജലവിഭവ വകുപ്പ് മന്ത്രി റോഷൻ അഗസ്റ്റിൻ, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവരാണ്. ശേഷം സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ, കായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹ്മാൻ വേദിയിലേക്ക് എത്തി. തുടർന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റ് മന്ത്രിമാരെത്തിയതോടെ ജനസാഗരം ഇളകി മറിഞ്ഞു. നിറഞ്ഞ കൈയടികളും ആർപ്പുവിളികളും അഭിവാദ്യങ്ങളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എത്തിയ ജനകീയ മന്ത്രിസഭയെ ജനങ്ങൾ വേദിയിലേക്ക് സ്വീകരിച്ചത്.

date