Skip to main content

ജനങ്ങളെ ചേർത്തു നിർത്തിയുള്ള മാറ്റത്തിനാണ് സർക്കാർ ശ്രമം: മന്ത്രി എ.കെ. ശശീന്ദ്രൻ

 

ജനങ്ങളെ ചേർത്തു നിർത്തിയുള്ള മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പറവൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പറവൂർ മണ്ഡലം തല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ഏഴര വർഷത്തിനിടെ വിവിധ മേഖലകളിൽ സമഗ്രമായ മാറ്റമാണുണ്ടായിരിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞു പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓരോ വർഷവും അഞ്ചും ആറും ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നത്. സ്കൂളുകൾ ഇപ്പോൾ നല്ല നിലവാരം പുലർത്തുന്നു. ചിലർ വേണ്ടാത്ത വർത്തമാനം പറയുന്നുണ്ട്. അത് അവഗണിക്കുകയാണ് വേണ്ടത്. കൺ മുന്നിൽ കാണുന്നതിന്റെ അനുഭവസാക്ഷമാണ് പ്രധാനം. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ പൂർണ്ണമായിട്ടില്ല. ഉന്നത വിദ്യാഭ്യാസം മേഖലയിലും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ആധുനികവും ശാസ്ത്രീയമായ വിദ്യാഭ്യാസം കുട്ടികൾക്ക് ഇവിടെ ലഭിക്കണം.

ജനങ്ങളെ ചേർത്തുപിടിച്ചുള്ള പദ്ധതികളാണ് നാടിൻറെ വികസനത്തിന് ആവശ്യം. ജനാധിപത്യം പുഷ്ടിപ്പെടാൻ ജനകീയ ഭരണകൂടം ജനങ്ങളിലേക്ക് ഇറങ്ങി വരണം. വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്തേക്ക് പോകുന്നുണ്ട് ഇവിടെ അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യാസ മേഖല സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

ഒരു ക്ഷേമപ്രവർത്തനങ്ങളും നിർത്തിവയ്ക്കാതെയാണ് വികസനത്തിന്റെ പുതിയ പാതയിലൂടെ കേരളത്തെ സർക്കാർ മുന്നോട്ടു നയിക്കുന്നത്. തീരദേശ റോഡ് ദേശീയപാത ദേശീയ ജലപാത മലയോര ഹൈവേ, ജയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ അതിവേഗം കേരളത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

date