Skip to main content

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കായി ബോധവല്‍കരണ സെമിനാര്‍ ഡിസംബര്‍ 9-ന്

ആലപ്പുഴ: ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കായി ബോധവല്‍കരണ സെമിനാര്‍ നടത്തും. പഴമങ്ങാടി കാര്‍മല്‍ ഹാളില്‍ ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സെമിനാര്‍ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് വിഷയം സെമിനാറില്‍ അവതരിപ്പിക്കും. അഭിപ്രായപ്രകടനങ്ങളും മറുപടിയും ഉണ്ടാകും. സെമിനാറില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 30 പേര്‍ പങ്കെടുക്കും. വിവിധ ന്യൂനപക്ഷ സംഘടന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ അഡ്വ. എ.എ. റഷീദ് ഇതു സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്ത സമ്മേളനം നടത്തി. 
സെമിനാറില്‍ പുതിയ പരാതികള്‍ സമര്‍പ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായി ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനായി (വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന്)ആധുനിക സംവിധാനങ്ങളോടെ ന്യൂനപക്ഷ വിദ്യാഭ്യാസ അക്കാദമി തുടങ്ങാനുള്ള തീരുമാനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി കമ്മിഷന്‍ അറിയിച്ചു. 2024-25 ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കി.
 
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗത്തില്‍പ്പെട്ടവരുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം ഡിസംബര്‍ 20 എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം, സാമൂഹിക പശ്ചാത്തലം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേരള മീഡിയ അക്കാദമിയെ ചുമതലപ്പെടുത്തി.

ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിലയില്‍ തീരം നഷ്ടപ്പെടുകയും വികസനത്തിന്റെ പേരില്‍ വ്യക്തമായ ഡി.പി.ആര്‍ ഇല്ലാതെ സ്ഥലം ഏറ്റെടുക്കുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നതായി ലഭിച്ച പരാതി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി വാര്‍ത്ത സമ്മേളനത്തില്‍ കമ്മിഷന്‍ അധ്യക്ഷന്‍ അറിയിച്ചു. 

കമ്മിഷന്‍ അംഗം എ. സൈഫുദ്ദീന്‍ ഹാജി, സെമിനാര്‍ സ്വാഗതസംഘം അധ്യക്ഷന്‍ സൈദ് എച്ച്. അബ്ദുല്‍ നാസര്‍ തങ്ങള്‍, കണ്‍വീനര്‍ ഫാദര്‍ തോമസ് താന്നിയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

date