Skip to main content

ശുചിത്വോത്സവം ;  7589 പേർ  ക്യാമ്പയിനിൽ പങ്കാളികളായി

നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശുചിത്വോത്സവം ക്യാമ്പയിൻ ജില്ലയിൽ പുരോഗമിക്കുന്നു. ഇതുവരെ 5865 വിദ്യാർത്ഥികൾ 407 അധ്യാപകർ 228 ജനപ്രതിനിധികൾ ഉൾപ്പെടെ 7589 പേർ ജില്ലയിൽ ശുചിത്വോത്സവം ക്യാമ്പയിനിൽ പങ്കാളികളായി.

മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട്  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന  'ഹരിത സമൃദ്ധം ഹരിത വിദ്യാലയത്തിലേക്ക് ഒരു ചുവട്' എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടിയാണ് ശുചിത്വോത്സവം. കുട്ടികളെ ഉറവിട മാലിന്യ പരിപാലനത്തെക്കുറിച്ച് അവബോധമുള്ളവരാക്കുക, അജൈവ പാഴ് വസ്തുക്കൾ കരുതി കൈമാറൽ ശീലിപ്പിക്കുക, ബദൽ ഉത്പന്നങ്ങളായ തുണിസഞ്ചികൾ, തുണി ബാഗുകൾ എന്നിവയുടെ ഉപയോഗത്തിലൂടെ പുനരുപയോഗശീലം വളർത്തിയെടുക്കുക തുടങ്ങിയ  ലക്ഷ്യങ്ങളോടെയാണ് ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്.

ശുചിത്വത്തെ കുറിച്ചുള്ള  അവബോധം കുട്ടികൾക്ക് നൽകുന്നതോടൊപ്പം ജൈവ-അജൈവ മാലിന്യങ്ങളുടെ കൃത്യമായ സംസ്കരണം, പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണ-ഉപയോഗ രീതി പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനാധിഷ്ഠിതമായ  ക്യാമ്പയിനാണ്  ശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എ. അംഗങ്ങളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചിത്വോത്സവം ഓരോ സ്കൂളുകളിലും നടത്തുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എൽ പി, യു പി വിഭാഗം കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 
ജൂലൈ 24 ന് കൂത്താട്ടുകുളം പഞ്ചായത്തിലെ ഗവ. യു.പി സ്കൂളിലാണ്  ജില്ലാതല ക്യാമ്പയിന് തുടക്കം കുറിച്ചത്.

date