Skip to main content

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: മന്ത്രി വീണാ ജോർജ്

           കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ മാസത്തിൽത്തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

           അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1 ഉണ്ടെന്ന് സിംഗപ്പൂർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തിൽ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്ന് തുടക്കം മുതൽ പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമത് നിരീക്ഷിക്കുന്നുണ്ട്.

           ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾറൂമുകൾഓക്‌സിജൻ കിടക്കകൾഐസിയു കിടക്കകൾവെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർസ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി. ഓക്‌സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്.

           മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം.

പി.എൻ.എക്‌സ്5940/2023

date