Skip to main content
മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു

മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു

വള്ളം തകർന്ന് ആഴക്കടലിൽ മുങ്ങിയ വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് മുനമ്പത്ത് നിന്നും രണ്ട് ദിവസം മുൻപ് മത്സ്യബന്ധനത്തിന് പോയ അത്ഭുത മാത എന്ന വള്ളമാണ് ‍ അടിഭാഗം ഫൈമ്പർ പൊട്ടി വെള്ളം കയറിയതിനെ തുടർന്ന് ആഴക്കടലില്‍ കുടുങ്ങിയത്.

അഴീക്കോട് നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ (18.5 കിലോമീറ്റർ) അകലെ അഞ്ചങ്ങാടി വടക്ക് പടിഞ്ഞാറ് കടലിലാണ് വള്ളം കുടുങ്ങിയത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അന്തോണി എന്നയാളുടെ ഉടമസ്ഥതയിലുളള അത്ഭുത മാത വള്ളത്തിലെ തിരുവനന്തപുരം സ്വദേശികളായ അന്തോണി, പുഷ്പദാസൻ, സെൽവൻ, ഏലിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വഞ്ചി തകർന്ന് വിനിമയ സംവിധാനങ്ങൾ തകരാറിലായതും കരയിൽ നിന്നും വളരെ ദൂരം കൂടുതൽ ഉള്ളത് കൊണ്ടും രാത്രി സമയമായതിനാലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

രാത്രി 10 മണിയോടുകൂടിയാണ് വഞ്ചി കടലില്‍ തകർന്ന് വെള്ളം കയറുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ്. പോളിന് സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചയുടൻ അങ്ങോട്ട് തിരിച്ച സീ റെസ്ക്യൂ ബോട്ട് മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം നടത്തി മുനമ്പം ഹാർബറിൽ എത്തിച്ചതിനോടൊപ്പം വള്ളത്തിലെ വലയും എഞ്ചിനും പിടിച്ച മീനും മറ്റു സാധന സമഗ്രികളും റെസ്ക്യൂ ബോട്ടിൽ കരയിലെത്തിച്ചു.

മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ സെബിൻ എന്നിവരും ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

date