Skip to main content
വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്‌സംസാരിക്കുന്നു.

നവകേരളം എന്നാല്‍ ദരിദ്രരില്ലാത്ത കേരളം: മന്ത്രി പി പ്രസാദ്

നവകേരളം എന്നാല്‍ ദരിദ്രരില്ലാത്ത കേരളം ആണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സ് ആള്‍ക്കൂട്ടം കൊണ്ട് ആവേശഭരിതമാവുകയാണ്. ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍  സ്വീകരിക്കുമെന്ന മറുപടിയാണ് നവകേരള സദസ്സിലൂടെ ജനങ്ങള്‍ നല്‍കുന്നത്. അതിദരിദ്രരില്ലാത്ത, ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, തൊഴില്‍ രഹിതരില്ലാത്ത കേരളത്തെയാണു നവകേരളത്തിലൂടെ പടുത്തുയര്‍ത്തുക. ഏഴര വര്‍ഷക്കാലത്തെ ഭരണത്തില്‍ സര്‍ക്കാര്‍ ഇതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷനിലൂടെ നല്‍കിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം പട്ടയങ്ങള്‍ ഇതുവരെ വിതരണം ചെയ്തു.

കേന്ദ്രം പട്ടിണി മറച്ചു പിടിക്കുമ്പോള്‍ കേരളം പട്ടിണി മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി അടുത്ത വര്‍ഷം നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. സാധാരണക്കാരനു വേണ്ടത് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന സര്‍ക്കാരിനെയാണ്. ഈ കാഴ്ച്ചപ്പാടോടെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സര്‍ക്കാര്‍ സംഭരിക്കുക തന്നെ ചെയ്യും. വര്‍ഗീയതയെ തച്ചുതകര്‍ക്കുന്ന ഭരണമാണു കേരളത്തിലേത്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

date