Skip to main content

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രത ഉറപ്പാക്കി: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രത ഉറപ്പാക്കിയതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ക്വയ്‌ലോണ്‍ സഹകരണ സ്പിന്നിംഗ് മില്‍ മൈതാനിയില്‍ നടന്ന ചാത്തന്നൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷനിയമം നിലവില്‍വന്നതോടെ പലകാരണങ്ങളാല്‍ ലഭിക്കേണ്ട വിഹിതം ചുരുക്കിയപ്പോഴും പൊതുവിതരണരംഗത്ത് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അതീവശ്രദ്ധ നല്‍കി. റേഷന്‍ വിതരണത്തില്‍ അനര്‍ഹരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി.

കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ സബ്സിഡി തുക വിതരണം ചെയ്തു. മൂന്നര ലക്ഷത്തിലധികം ബി പി എല്‍ കാര്‍ഡ് നല്‍കി. നാലര പുതിയ റേഷന്‍ കാര്‍ഡ് അനുവദിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയാണ് റേഷന്‍ വിതരണംചെയ്യുന്നത്. ആദിവാസി മേഖലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനംമുഖേന ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നു. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള സര്‍ക്കാരിനെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭീഷണിക്ക് കീഴടങ്ങാതെ ജനങ്ങളെ സംരക്ഷിച്ച് നിലപാട് തിരുത്തിക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

date