Skip to main content
എല്ലാം സഹിച്ചു കഴിയണമെന്ന പെണ്‍കുട്ടികളുടെ  മാനസികാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണം: അഡ്വ. പി. സതീദേവി

എല്ലാം സഹിച്ചു കഴിയണമെന്ന പെണ്‍കുട്ടികളുടെ  മാനസികാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണം: അഡ്വ. പി. സതീദേവി

 

 

അന്ധവിശ്വാസങ്ങളും അബദ്ധജഡിലമായ ചിന്തകളും സമൂഹത്തില്‍ വര്‍ധിക്കുന്നു

    എല്ലാം സഹിച്ചു കഴിയണമെന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിന് മുതിര്‍ന്നവര്‍ വഴികാട്ടിയാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ ആലപ്പുഴ ജില്ലാ തീരദേശ ക്യാമ്പിന്റെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ജനക്ഷേമ ജംഗ്ഷനിലെ സുനാമി പുനരധിവാസ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 
    സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നിലനില്‍ക്കുന്ന എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കണം. എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം. പ്രതികരണ ശേഷിയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണം. വീടുകള്‍ക്ക് ഉള്ളില്‍ നിന്നാണ് ആണ്‍കുട്ടികളെ മേധാവിത്വ മനോഭാവമുള്ളവരായും പെണ്‍കുട്ടികളെ പ്രതികരണ ശേഷി ഇല്ലാത്തവരായും രൂപപ്പെടുത്തി എടുക്കുന്നത്. കുട്ടികളെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞു മനസിലാക്കി വളര്‍ത്തണം. ഒരു പ്രയാസവും അറിയിക്കാതെ വളര്‍ത്തിയാല്‍ ചെറിയ പ്രശ്‌നങ്ങളെ പോലും തരണം ചെയ്യാന്‍ സാധിക്കാത്തവരായി അവര്‍ മാറും. 
    അന്ധവിശ്വാസങ്ങളും അബദ്ധജഡിലമായ ചിന്തകളും സമൂഹത്തില്‍ വര്‍ധിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ സ്ത്രീകളുടെ മനസിനെയാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. സാമൂഹിക തിന്മകളും നമ്മുടെ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. വ്യക്തിപരമായ സ്വാര്‍ഥ ചിന്തകള്‍ കൂടുന്നതാണ് ഇതിനു കാരണം. പണത്തോടുള്ള ആര്‍ത്തി വര്‍ധിച്ചതു മൂലം സമൂഹം എല്ലാത്തിനേയും കച്ചവട മനോഭാവത്തോടെയാണ് കാണുന്നത്. എന്തും ചെയ്യാന്‍ മടികാണിക്കാത്തവരായി സമൂഹം മാറി. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും കേരളം മുന്നിലാണെങ്കിലും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് നാം ഗൗരവപൂര്‍വം ചിന്തിക്കണം. പൊതുസമൂഹത്തിന്റെ ബോധനിലവാരത്തില്‍ മാറ്റമുണ്ടാകണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 
    ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിശിഷ്ടാതിഥിയായിരുന്നു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനഭായ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനറ്റ് ഉണ്ണി, പി.എ. അലക്‌സ്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബിജി എന്നിവര്‍ സംസാരിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയം ആലപ്പുഴ മഹിളാമന്ദിരം എസ്പിസി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. എഫ്. ഫാസില അവതരിപ്പിച്ചു.

ഫോട്ടോ അടിക്കുറിപ്പ്-മാരാരിക്കുളം സെമിനാര്‍-
ആലപ്പുഴ ജില്ലാ തീരദേശ ക്യാമ്പിന്റെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ജനക്ഷേമ ജംഗ്ഷനിലെ സുനാമി പുനരധിവാസ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

date