Skip to main content

ജില്ലയിലെ 126 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കി മാറ്റും: മന്ത്രി ജി. ആര്‍. അനില്‍

 

ജില്ലാതല അവലോകനയോഗം ചേര്‍ന്നു

ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ സ്റ്റോറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ കെ സ്റ്റോറുകള്‍ ആയി ഉയര്‍ത്തിയ 66 കടകളില്‍ നിന്നും 1,45,32,652 രൂപയുടെ വരുമാനം നേടാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് പുറമെ വ്യവസായ വകുപ്പില്‍ നിന്നുള്ള എം എസ് എം ഇ ഉല്‍പ്പന്നങ്ങള്‍, കൃഷിവകുപ്പിന്റെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ സ്റ്റോറുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ റേഷന്‍കടകള്‍ വഴി കുടിവെള്ള വിതരണം ക്രിസ്മസിന് മുമ്പ് നടപ്പാക്കിയിട്ടുണ്ട്. 10 രൂപ നിരക്കിലാണ് റേഷന്‍ കടകളില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. കൂടാതെ ചെറിയ ഗ്യാസ് കുറ്റിയും കെ-സ്‌റ്റോറില്‍ ലഭ്യമാക്കുന്നുണ്ട്. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, മൊബൈല്‍ റീചാര്‍ജിംഗ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍ കെ-സ്‌റ്റോറുകള്‍ വഴി ലഭ്യമാക്കി കൂടുതല്‍ വരുമാനം നേടുന്നതിന് റേഷന്‍ വ്യാപാരികള്‍ മുന്‍കൈയെടുക്കണം. പൊതുവിതരണ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. കേന്ദ്ര വിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

പഴയ റേഷന്‍ കടകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി കൂടുതല്‍ സൗകര്യങ്ങളും ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ സ്റ്റോര്‍ വഴി ചെയ്യുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കെ- സ്റ്റോറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ-സ്റ്റോറുകളാക്കി ഉയര്‍ത്തി റേഷന്‍ വ്യാപാരികള്‍ യോഗത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കെ-സ്റ്റോറിന്റെ മെച്ചപ്പെട്ട നടത്തിപ്പിനാവശ്യമായ നിര്‍ദേശങ്ങളും വ്യാപാരികള്‍ അവതരിപ്പിച്ചു. 

യോഗത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ ജിനോ ചാക്കോ ക്ലാസുകള്‍ നയിച്ചു.

പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ.ഡി. സജിത് ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് കെ മനോജ് കുമാര്‍, സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ റ്റി സഹീര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ മാര്‍ക്കസ് ബ്രിസ്റ്റോ,  സിവില്‍ സപ്ലൈസ് ഓഫീസ് ജീവനക്കാര്‍, സപ്ലൈകോ ജീവനക്കാര്‍ റേഷന്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date