Skip to main content

ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

 

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന 

വൈവിധ്യങ്ങളുടെ ആഘോഷ ദിനരാത്രിങ്ങള്‍ ഒരുക്കി കൊച്ചിയില്‍ നടന്ന പത്താമത് ദേശീയ സരസ് മേള സമാപിക്കുമ്പോള്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം. 1.39 കോടി രൂപയുടെ വിറ്റു വരവുമായി സരസിന്റെ ചരിത്രത്തില്‍ ഭക്ഷ്യമേളയിലെ  ഏറ്റവും കൂടുതല്‍ വിറ്റു വരവ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സരസ് മേള. ഒരു ദിവസം 20 ലക്ഷം രൂപയുടെ വരെ വിറ്റു വരവ് നേടിക്കൊണ്ട് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ് എന്ന നേട്ടം കൈവരിക്കാനും കൊച്ചി സരസിലെ ഭക്ഷ്യ മേളക്കായി.

40 ഭക്ഷ്യ സ്റ്റാളുകളും 250 വിപണന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടായിരുന്നത്. വിപണന സ്റ്റാളുകളില്‍ നിന്ന് 1.04കോടി രൂപയുടെ വിറ്റു വരവ് നേടി. ആകെ 11.83 കോടി രൂപയുടെ വിറ്റ് വരവാണ് കൊച്ചി സരസ്‌മേള നേടിയത്.

മേളയില്‍ ഏറ്റവും ജനപ്രിയമായി മാറിയത് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍ട്ട് ആയിരുന്നു. ഇന്ത്യ ഓണ്‍ എ പ്ലേറ്റ് എന്ന ആശയത്തില്‍ ഒരുക്കിയ ഭക്ഷ്യ മേള വഴി  ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ വിളമ്പാന്‍ സരസിന് കഴിഞ്ഞു. 40 ഫുഡ് കോര്‍ട്ടുകളിലായി 156 സംരംഭകരാണ് ഇന്ത്യന്‍ ഫുഡ് കോര്‍ട്ടിന്റെ ഭാഗമായി അണിനിരന്നത്. സിക്കിം, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ലക്ഷദ്വീപ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി ഓരോ യൂണിറ്റുകളും രാജസ്ഥാനില്‍ നിന്ന് മൂന്ന് യൂണിറ്റുകളുമാണ് മേളയില്‍ പ്രവര്‍ത്തിച്ചത്. എറണാകുളം ജില്ലയില്‍ നിന്ന് 9 ഫുഡ് സ്റ്റാളുകളും വയനാട് ജില്ലയില്‍ നിന്ന് പുല്‍പ്പള്ളിയുടെയും തിരുനെല്ലിയുടെയും ഓരോ സ്റ്റാളുകളും എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഓരോ യൂണിറ്റുകളുമുണ്ടായിരുന്നു.

39000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഫുഡ് കോര്‍ട്ടുകളും 5000 ചതുരശ്ര അടിയില്‍ അടുക്കളയുമായി സജ്ജമാക്കിയ ഭക്ഷ്യമേളയുടെ ഏറ്റവും വലിയ പ്രത്യേകത തുറന്ന അടുക്കളയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഒരു അടുക്കളയില്‍ നിന്നുകൊണ്ടാണ് ഇന്ത്യന്‍ രുചി വൈവിധ്യം ആസ്വാദകരിലേക്ക് എത്തിച്ചത്. 

കുടുംബശ്രീയുടെ പരിശീലന ഗവേഷണ കേന്ദ്രമായ ഐഫ്രത്തിലെ പാചക വിദഗ്ധരാണ് അടുക്കളക്ക് നേതൃത്വം നല്‍കിയത്. ഓരോ വിഭവങ്ങളും ഷെഫുമാരുടെ ഡെസ്‌ക്കിലെത്തി പരിശോധനയ്ക്കുശേഷമാണ് ഫുഡ് കോര്‍ട്ടുകളില്‍ വിളമ്പിയത്.

കുടുംബശ്രീയുടെ പരിശീലന ഗവേഷണ ടീമായ ഏക്സാഥ് കുടുംബശ്രീ സംരംഭമായ 360 മീഡിയയുടെ സഹകരണത്തോടെയാണ് ഫുഡ് സ്റ്റാളുകൾ രൂപകൽപ്പന ചെയ്തത്. 
ഫുഡ് സ്റ്റാളുകളുടെ തൂണുകള്‍ ഇന്ത്യന്‍ കലകളും സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ട് മനോഹരമായാണ് രൂപകല്‍പ്പന ചെയ്തത്. ഭക്ഷ്യ രുചികളും കലാ സാംസ്‌കാരിക പരിപാടികളും ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫുഡ് കോര്‍ട്ട് സജ്ജീകരിച്ചത്. ഓരോ ദിവസവും ഭക്ഷ്യമേളയിലെ ഓരോ സംരംഭകര്‍ക്ക് ലഭിക്കുന്ന തുകയുടെ 20  ശതമാനം കുടുംബശ്രീ ഈടാക്കിയിരുന്നു. 

കുടുംബശ്രീയുടെയും ദേശീയ ഉപജീവന മിഷന്റെയും നേതൃത്വത്തില്‍  വിപണന സ്റ്റാളുകളും ഭക്ഷ്യമേളകളും കലാസാംസ്‌കാരിക പരിപാടികളുമായി കൊച്ചിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ സരസിന് കഴിഞ്ഞു.

date