Skip to main content

ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് ; പ്രത്യേക ക്യാമ്പയിൻ 10 മുതൽ 

ആലപ്പുഴ : ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കുന്നതിന് വേണ്ടി  നൽകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യു ഡി ഐ ഡി കാർഡ്) ജില്ലയിലെ അർഹരായ എല്ലാവരിലും എത്തിക്കുന്നതിന് ജനുവരി 10 മുതൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കാൻ ജില്ലാ കളക്ടർ ജോൺ വി സാമുവൽ നിർദ്ദേശം നൽകി. കളക്ടറുടെ ചെമ്പറിൽ ചേർന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ് , തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയുള്ള വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. 

ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഏകീകൃത തിരിച്ചറിയൽ കാർഡ്. മുമ്പേ തന്നെ യു ഡി ഐ ഡി എടുത്തിട്ടുള്ളവർക്ക് ഈ ക്യാമ്പയിൻ ബാധകമല്ല. ആദ്യഘട്ടം എന്ന നിലയിൽ  കാർഡിനായി രജിസ്റ്റർ ചെയ്യാത്തവരെ കണ്ടെത്തുന്നതിനുള്ള സർവ്വേ പത്താം തീയതി മുതൽ ആരംഭിക്കുമെന്ന് കളക്ടർ പറഞ്ഞു. സർവ്വേ പ്രവർത്തനങ്ങൾക്കായി ആശാവർക്കർമാർ , അംഗനവാടി ജീവനക്കാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഉപയോഗപ്പെടുത്താവുന്നതാണ്. ആർട്‌സ് ആൻഡ് സയൻസ് കോളേജ്,  എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ്  പ്രവർത്തകരുടെ സഹായം കിട്ടുമോ എന്ന് ബന്ധപ്പെട്ടവർ അന്വേഷിച്ച് അറിയിക്കാൻ കളക്ടർ നിർദ്ദേശിച്ചു. നിലവിലുള്ള മൂവായിരത്തോളം  സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ ആരോഗ്യവകുപ്പിൽ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് ഈ അപേക്ഷകളിൻമേൽ തീരുമാനമെടുക്കാനും ജില്ലാ മെഡിക്കൽ ഓഫീസിന് നിർദ്ദേശം നൽകി. യുഡി ഐഡി കാർഡ് എടുക്കാത്ത ആളുകളെ കണ്ടെത്തുന്നതിന് ബബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെ സഹായം  തേടാവുന്നതാണ്. സർവ്വേയ്ക്കും രജിസ്‌ട്രേഷനുമായി നിയോഗിക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കലക്ടർ നിർദേശിച്ചു. ഈ ആവശ്യത്തിലേക്ക് എൻ എച്ച് എമ്മിന്റെ നേതൃത്വത്തിൽ കൂടുതൽ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരു ഡോക്ടറുടെയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. യു ഡി ഐ ഡി  ഇതുവരെയും ലഭിച്ചിട്ടില്ലാത്തവരെ കണ്ടെത്തിയാൽ അവർക്കായി യു.ഡി.ഐ.ഡി ലഭ്യമാക്കുന്നതിന്  പ്രത്യേക ക്യാമ്പുകൾ നടത്താനും തീരുമാനിച്ചു.  തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ പ്രത്യേക നിർദ്ദേശം നൽകും. ജില്ല സാമൂഹ്യ നീതി ഓഫീസറുടെ ചാർജ് വഹുക്കുന്ന എം.എൻ.ദീപു, ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീ ലക്ഷ്മി, ഡോ.അരുൺജേക്കബ്, കെ.വി.സേവ്യർ തുടങ്ങിയവർ സംസാരിച്ചു.

date