Skip to main content

കുമരകം സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതി പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച (ജനുവരി 4)

 

കോട്ടയം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും യുണൈറ്റഡ് നേഷൻസ് വിമൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ കുമരകത്തു നടത്തുന്ന സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച (ജനുവരി 4) രാവിലെ 10ന് കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയാകും. ജൻഡർ സേഫ്റ്റി ഓഡിറ്റ് ഗൈഡ്‌ലൈൻ ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. യു.എൻ. വിമൻ ഇൻ ഇന്ത്യയുടെ സംസ്ഥാന കൺസൾട്ടന്റ് ഡോ. പീജ രാജൻ വിഷയാവതരണം നടത്തും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കവിതാ ലാലു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എ. എബ്രഹാം, ശ്രീജ സുരേഷ്, ആർഷാ ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം മേഖലാ ജോസഫ്, പഞ്ചായത്തംഗം മായ സുരേഷ്, സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ ഉറപ്പു വരുത്തുകയാണ് സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണം, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകൾ എന്നിവ ഉൾപ്പെടുന്ന ടൂർ പാക്കേജുകൾ പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. ടൂറിസം മേഖലയിൽ സ്ത്രീകൾക്ക് വരുമാനമാർഗം ഒരുക്കുകയാണ് ലക്ഷ്യം. ലോകമെമ്പാടും ഒറ്റയ്ക്കും കൂട്ടായും സ്ത്രീകൾ നടത്തുന്ന യാത്രകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രമായ കുമരകത്തും പുതുപദ്ധതികൾ നടപ്പാക്കുന്നത്.
 

date