Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം കലോത്സവ വേദികളില്‍ ‘ചിട്ട’ ഉറപ്പാക്കാന്‍ മന്ത്രിയും

മത്സരങ്ങളുടെ സമയക്രമം ഉറപ്പാക്കുന്നതുമുതല്‍ ആഹാരത്തിന്റെ ഗുണനിലവാര പരിശോധനവരെ നീളുന്ന ‘ചിട്ടകള്‍’ പാലിക്കുന്നുവെന്നുറപ്പാക്കാന്‍ മുഴുവന്‍സമയ സാന്നിധ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാവിലെ പ്രധാനവേദയില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം എത്തി. മത്സരാര്‍ഥികള്‍ കൃത്യതയോടെ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. സമയക്രമം പാലിക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കില്ല എന്ന മുന്നറിയിപ്പും നല്‍കി. പരാതികള്‍ക്കിടയാക്കാത്ത സംഘാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇതരവേദികളിലേക്കും മന്ത്രി സന്ദര്‍ശനം നടത്തി. ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിലുള്ള സ്റ്റാളുകളുടെ പ്രവര്‍ത്തനവും വിലയിരുത്തി.

ക്രേവന്‍ സ്‌കൂളിലെ ഊട്ടുപുരയിലും സാന്നിധ്യമായി മന്ത്രി. പഴയിടത്തിന്റെ രുചിക്കൂട്ടുകള്‍ കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ആസ്വദിക്കാനും മറന്നില്ല. ‘മത്സരയോട്ടത്തിനിടെ’ ആഹാരത്തിന്റെ ‘ആരോഗ്യകാര്യം’ മറക്കരുതെന്ന ഉപദേശവും മന്ത്രിവക. ഭക്ഷണവേദിയില്‍ മന്ത്രിക്കൊപ്പം എം എല്‍ എ മാരായ എം നൗഷാദും പി സി വിഷ്ണുനാഥും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ അധ്യക്ഷന്‍ എക്‌സ്. ഏണസ്റ്റും പങ്കുചേര്‍ന്നു. പിന്നാലെയെത്തി എം മുകേഷ് എം എല്‍ എയും. ക്രമീകരണങ്ങളെല്ലാം കൃത്യമെന്ന് ഉറപ്പാക്കുന്നതിനിടെ അറബിക് കലോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  

date