Skip to main content
ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും: ജല ശുചിത്വ മിഷന്‍ യോഗം

ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും: ജല ശുചിത്വ മിഷന്‍ യോഗം

ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗത്തില്‍ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജലസംഭരണി, ജലശുദ്ധീകരണശാല തുടങ്ങിയവയുടെ നിര്‍മാണ പുരോഗതി, റോഡ് പുനസ്ഥാപനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വിവിധ പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് തുക മാറ്റി വിനിയോഗിക്കണമെന്ന (റീ- അപ്രോപ്രിയേഷന്‍) ആവശ്യം പരിശോധിക്കും. നാട്ടിക പ്രൊജക്ട് ഡിവിഷനു കീഴിലെ പഞ്ചായത്തുകള്‍ക്ക് പഴയന്നൂര്‍, ചൊവ്വന്നൂര്‍ പഞ്ചായത്തിന് ലഭിച്ച ഭരണാനുമതി തുകയില്‍ നിന്നും ബാക്കിയുള്ള 4932.27 ലക്ഷം ലഭ്യമാക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് സഹിതം അടുത്ത യോഗത്തില്‍ അനുമതിക്കായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ദേശമംഗലത്ത് ജലശുദ്ധീകരണശാല നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം അളക്കുന്നതിന് താലൂക്ക് സര്‍വേയര്‍മാരെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചതായി അറിയിച്ചു. അന്തിക്കാട് പഞ്ചായത്തിലെ കാരമുക്ക്- അഞ്ചങ്ങാടി റോഡ് പുനസ്ഥാപന പ്രവൃത്തികള്‍ക്കായി ബാക്കി വന്ന ഭരണാനുമതി തുകയില്‍ നിന്ന് ഫണ്ട് അനുവദിക്കാന്‍ തീരുമാനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബോബിന്‍ മത്തായി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date