Skip to main content

ഗോതീശ്വരം ബീച്ചിൽ സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മന്ത്രി

ഗോതീശ്വരം ബീച്ചിൽ സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗോതീശ്വരം ബീച്ചിലെ നവീകരണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ ആദ്യമായി സർഫിംഗ് സ്‌കൂൾ ആരംഭിച്ചത് ഗോതീശ്വരം ബീച്ചിലാണ്. തദ്ദേശീയരെയാണ് പരിശീലനം നൽകി ട്രെയിനർമാരായി നിയോഗിച്ചിട്ടുള്ളത്. നവീകരണ പ്രവൃത്തി ഗോതീശ്വരം ബീച്ചിന്റെ മുഖച്ഛായ മാറ്റുമെന്നും വിനോദ സഞ്ചാര ഭൂപടത്തിൽ പ്രത്യേകമായ ഇടം ബീച്ചിനു നൽകുമെന്നും മന്ത്രി പറഞ്ഞു.  

കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്ക് പറ്റിയ ഇടങ്ങളാണെന്നാണ്  വിദഗ്ദർ പറയുന്നത്. ഒരു ബീച്ച് വികസിച്ചാൽ അതിന്റെ ഭാഗമായി ഒട്ടേറെ സാധ്യതകൾ ഉയർന്നുവരും. ഒരുപാട് പേർക്ക് തൊഴിൽ ലഭിക്കും. കൂടുതൽ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ നമ്മുടെ ബീച്ചുകളിൽ കൊണ്ട് വരും. ഇതിന്റെ ഭാഗമായാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജുകൾ ആരംഭിച്ചത്.

ഗോതീശ്വരം ബീച്ചിലെ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

80 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണ പ്രവൃത്തിയിൽ ജോഗിങ് ട്രാക്ക്, ഇരിപ്പിടങ്ങൾ, നടപ്പാതകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.

മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ കൃഷ്ണ കുമാരി, കൊല്ലരത്ത് സുരേഷ്, കെ രാജീവ്, വാടിയിൽ നവാസ്, എം ഗിരിജ ടീച്ചർ, ടി കെ ഷെമിന, വിനോദസഞ്ചാര വകുപ്പ് റീജ്യണൽ ജോയന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, വിനോദസഞ്ചാര വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, വിവിധ രാഷ്ട്രീയ - സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

date