Skip to main content

അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനം: മന്ത്രി മുഹമ്മദ് റിയാസ്

 

1000 കോടി രൂപയോളം ബേപ്പൂർ മണ്ഡലത്തിൽ ചെലവഴിക്കാൻ സാധിച്ചതായി മന്ത്രി

അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനമാണെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പടിക്കത്താഴം കോളനി വികസന പ്രവർത്തി പൂർത്തീകരണത്തിന്റേയും കൈതവളപ്പ് കോളനി വികസന പ്രവൃത്തിയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കുറഞ്ഞത് 25 പട്ടികജാതി വിഭാഗക്കാരുള്ള കോളനികളുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപവരെയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് കീഴിൽ അനുവദിക്കുക. സംസ്ഥാനത്താകെ 1000 പട്ടികജാതി കോളനികളുടെ വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ബേപ്പൂർ നിയോജക മണ്ഡലത്തിൽ മൂന്ന് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനമാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പട്ടികജാതി-പട്ടികവർഗ-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേരളത്തിൽ മികച്ച പരിഗണനയാണ് ലഭിക്കുന്നത്. 2023-24 ലെ ബജറ്റിൽ 30,370 കോടി രൂപയാണ് പ്ലാൻ ഔട്ട്ലേ ഉണ്ടായിരുന്നത്. ഇതിൽ 2979.40 കോടി രൂപ പട്ടികജാതി വിഭാഗത്തിന്റെ വികസന ക്ഷേമ പ്രവർത്തങ്ങൾക്കായി വകയിരുത്തി. ഇത്രയും ഉയർന്ന തുക ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും വകയിരുത്തിയിട്ടില്ല. ഇതിന് പുറമേ കേന്ദ്ര പദ്ധതികൾക്കുള്ള സംസ്ഥാന വിഹിതമായ 111.20 കോടി രൂപ ഉൾപ്പെടെ 3063.60 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ചെലവഴിക്കാൻ പോകുന്നത്. ലൈഫ്  പദ്ധതിക്ക് കീഴിൽ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തമായി പാർപ്പിടം എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ബേപ്പൂർ നിയോജക മണ്ഡലത്തിൽ 27 റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 380,10,40,000 രൂപയും, 27 കെട്ടിടങ്ങൾക്കായി നൂറ് കോടി രൂപയും അഞ്ച് പാലങ്ങൾക്ക് 347.15 കോടി രൂപയും പുഴ സംരക്ഷണത്തിനായി എട്ടു കോടി രൂപയും ബേപ്പൂർ പോർട്ട് ഹാർബർ വികസനത്തിന് 16.94 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

19 ടൂറിസം പദ്ധതികൾക്കായി 57.12 കോടി രൂപ, 25 തീരദേശ റോഡുകൾക്ക് 13.4 കോടി രൂപ, 33 തീരദേശ റോഡുകളുടെ പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തികൾക്കായി 3.30 കോടി രൂപ, അഞ്ച് പട്ടികജാതി കോളനികളുടെ വികസനത്തിനായി 4.50 കോടി രൂപ, പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 33 വികസന പ്രവർത്തികൾക്കായി മൂന്ന് കോടി രൂപ, എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ 43 പ്രവർത്തികൾക്കായി 11 കോടി രൂപ എന്നിങ്ങനെ ആകെ 944.12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.  ഇതിനു പുറമേ മറ്റു പദ്ധതികളും കൂടി ഉൾപ്പെടുത്തുമ്പോൾ 1000 കോടി രൂപയോളം ബേപ്പൂർ മണ്ഡലത്തിൽ ചെലവഴിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

പട്ടികജാതി വികസന വകുപ്പ് മുഖേന എസ്.സി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയിലൂടെ കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പടിക്കത്താഴം  കോളനിയിൽ 13 ഫുട്പാത്ത്, രണ്ട് റോഡ്, 17 എസ്.സി വീടുകൾക്ക് അറ്റകുറ്റപ്പണി, 44 വീടുകൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ  എന്നീ പ്രവർത്തികൾ പുർത്തീകരിച്ചിട്ടുണ്ട്.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ  മുഖ്യാതിഥിയായി. നിർമ്മിതി കേന്ദ്രം അസി. എൻജിനീയർ സീന റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രവീൺ ശങ്കരത്ത്, സുധ അനിൽകുമാർ, വി എസ് അജിത, വിമ്മി ഏറുകാട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ഷാജി സ്വാഗതവും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ ടി ബിന്ദു നന്ദിയും പറഞ്ഞു

date