Skip to main content

മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവനത്തിന് കൈകോർത്ത് ബാലുശ്ശേരി 

 

ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ പുനരുജ്ജീവനത്തിനായി ഒരു നാട് ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. മഞ്ഞപ്പുഴ - രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടാംവള്ളി ചെമ്പോളി താഴെ പുഴയോരത്ത് ജനകീയ ശുചീകരണത്തിന്റെ മണ്ഡല തല ഉദ്ഘാടനം   കെ എം സച്ചിൻ ദേവ് എം.എൽ.എ നിർവ്വഹിച്ചു.

സംസ്ഥാനത്ത് ആദ്യമായി ജലത്തിലൂന്നിയ സമഗ്ര വികസനം എന്ന ആശയം നടപ്പാക്കുകയാണ് ബാലുശ്ശേരി നിയോജക മണ്ഡലം. നവകേരളം മിഷൻ, ഹരിതകേരള മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ബാലുശ്ശേരി മണ്ഡലത്തിൽ സച്ചിൻ ദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ മഞ്ഞപ്പുഴ പുനരുജ്ജീവനം സാധ്യമാക്കുന്നത്.

ഇരുന്നൂറോളം പേർ ശുചീകരണത്തിന്റെ ഭാഗമായി. ബ്ലോക്ക് ദുരന്തനിവാരണ സേന, കൂരാച്ചുണ്ട് റെസ്ക്യൂ ടീം, ഹരിത കർമ്മ സേന  തുടങ്ങിയവർ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി. പുഴ ഒഴുകുന്ന മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും ജനുവരിയിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പുഴ സംരക്ഷിക്കാൻ കർമ്മപദ്ധതി തയ്യാറാക്കി കഴിഞ്ഞു. പുഴ  വിനോദത്തിനും ഉപജീവനത്തിനും ഉപകരിക്കേണ്ട വിധത്തിലാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി നവകേരള മിഷൻ സംസ്ഥാന തല വിദഗ്ദ സമിതി മഞ്ഞപ്പുഴ ഒഴുകുന്ന കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, പനങ്ങാട്, ബാലുശ്ശേരി  ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പുഴ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത മുഖ്യാതിഥിയായി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി എം കുട്ടികൃഷ്ണൻ, ടി പി ദാമോദരൻ, ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, സ്ഥിരം സമിതി അധ്യക്ഷ റംല മാടംവള്ളി, ശുചിത്വ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കൃഷ്ണപ്രിയ, വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date