Skip to main content

പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷൻ ആദ്യ സബ് ഓഫീസ് ഉദ്ഘാടനം നാളെ

ആലപ്പുഴ: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ്  മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ നാളെ (ജനുവരി 09) പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി  കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ  സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മാവേലിക്കര നഗരസഭ ചെയർമാൻ കെ. വി. ശ്രീകുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെയും പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ളവരുടെയും സാമ്പത്തിക സാമൂഹിക സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ. കോട്ടയം നാഗമ്പടത്താണ് കോർപ്പറേഷൻ ഹെഡ് ഓഫീസ്. കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിൽ ആരംഭിക്കുന്നത് കോർപ്പറേഷന്റെ സംസ്ഥാനത്തെ ആദ്യത്തെ സബ് ഓഫീസാണ്. കോർപ്പറേഷന്റെ ഗുണഭോക്താകളിൽപെട്ട നിരവധിയാളുകൾ മാവേലിക്കര, ഹരിപ്പാട്, പന്തളം, കായംകുളം, ചാരുമൂട്, അടൂർ എന്നിവിടങ്ങളിലുണ്ട്. സേവനം കൂടുതൽ ഫലപ്രദമായി ഈ പ്രദേശങ്ങളിലുള്ള ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് സബ് ഓഫീസ് ആരംഭിക്കുന്നത്.

date