Skip to main content

കേര ഗ്രാമമാകാനൊരുങ്ങി കടുങ്ങല്ലൂർ

 

കളമശ്ശേരി നിയോജക മണ്ഡലത്തിലെ മൂന്നാമത്തെ കേര ഗ്രാമമാകാനൊരുങ്ങി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. 25.67 ലക്ഷം രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിൽ 100 ഹെക്ടറിൽ (250 ഏക്കർ) ഉല്പാദനക്ഷമതയുള്ള കേരവൃക്ഷങ്ങൾ വളർന്നു തുടങ്ങും.

ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ നടീൽ, രോഗം ബാധിച്ച തെങ്ങുകൾ വെട്ടി മാറ്റൽ, തെങ്ങിന് തടമെടുക്കൽ സഹായം, സബ്സിഡി നിരക്കിൽ വളം നൽകൽ, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, മൂല്യ വർദ്ധിത യൂണിറ്റിന് സഹായം നൽകൽ തുടങ്ങിയ സേവനങ്ങളാണ് പദ്ധതി പ്രകാരം കർഷകർക്ക് ലഭ്യമാകുന്നത്.

പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങളായി പഞ്ചായത്തിലെ 21 വാർഡുകളിലെയും ഗ്രാമസഭകളിൽ കേരഗ്രാമം പദ്ധതി അവതരിപ്പിച്ചു. വാർഡ് തല സമിതികളും പഞ്ചായത്ത് തല കേരസമിതി രൂപീകരിക്കുകയും ചെയ്തു. സമ്പൂർണ ജനപങ്കാളിത്തത്തോടെയാണ് മൂന്നുവർഷം നീണ്ടു നിൽക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ കടുങ്ങല്ലൂരിൽ നടപ്പിലാക്കുന്നത്.

നാളികേര ഉല്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം. തെങ്ങ് കൃഷിയിൽ സമ്പൂർണ്ണ സംരക്ഷണമാണ് പദ്ധതിയിലൂടെ കൃഷിഭവൻ കർഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. 

ഡിസംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിയുമായി ബന്ധപ്പെട്ട് 8132 അപേക്ഷകൾ കടുങ്ങല്ലൂർ കൃഷിഭവനിൽ ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞ വർഷങ്ങളിൽ കേര ഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ആലങ്ങാട്, കരുമാലൂർ എന്നിവിടങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

date