Skip to main content
പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍; ഭൂമി തരം മാറ്റാന്‍ അനുമതി ലഭിച്ചു

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍; ഭൂമി തരം മാറ്റാന്‍ അനുമതി ലഭിച്ചു

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിനു സര്‍ക്കാര്‍ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന്‍ എം എല്‍ എ. കൊടകര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനം അവലോകന യോഗത്തില്‍ അധ്യക്ഷനായാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ രൂപരേഖ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സാങ്കേതികാനുമതി ലഭ്യമാക്കി, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. 

നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ ഫയര്‍ സ്റ്റേഷന്‍, പെന്‍ഷനേഴ്‌സ് ഓഫീസ്, സൊസൈറ്റി എന്നിവയിലേക്കുള്ള റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടു നല്‍കുന്നതിന് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് രണ്ട് സെന്റ് സ്ഥലം പുതുക്കാട് പഞ്ചായത്തിനാണ് ഉടമകള്‍ വിട്ടുനല്‍കുന്നത്. 2022 ലെ ബജറ്റില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി 10 കോടി രൂപയാണ് വകയിരുത്തുയിരുന്നത്. നാല് നിലകളിലായാണ് പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ്, വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് മെമ്പര്‍ സതി സുധീര്‍, വാര്‍ഡ് മെമ്പര്‍ ഷാജു കാളിയങ്കര, ഇരിഞ്ഞാലക്കുട ആര്‍ഡിഒ എംകെ ഷാജി, എല്‍ ആര്‍ തഹസീല്‍ദാര്‍ സിമീഷ് സാഹു, നോഡല്‍ ഓഫീസറും ബിഡിഒയുമായ കെ. കെ. നിഖില്‍, തൊറവ് വില്ലേജ് ഓഫീസര്‍ അന്‍വര്‍ ഷാ, ആര്‍ ബിന്ദു, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി പി ഉമ ഉണ്ണികൃഷ്ണന്‍, ഭൂഉടമകളായ ആന്റണി എറുങ്കാരന്‍, രാജേഷ് വര്‍ഗീസ് പുതുശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date