Skip to main content

പട്ടയ മിഷന്റെ ഭാഗമായി ഹിയറിങ് നടത്തി

പട്ടയം മിഷന്റെ ഭാഗമായി അവണൂർ ഗ്രാമപഞ്ചായത്തിലെ ഇത്തപ്പാറ, അംബേദ്കർ കോളനി നിവാസികൾക്ക് പട്ടയം ലഭ്യമാക്കുന്നതിനായി ഹിയറിങ് നടന്നു. 40 വർഷത്തിലധികമായി സ്ഥിരതാമസമാക്കിയ കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്.  ഇത്തപ്പാറ കോളനിയിൽ 26 കുടുംബങ്ങൾക്കും അംബേദ്കർ കോളനിയിൽ 112 കുടുംബങ്ങൾക്കുമാണ് പട്ടയങ്ങൾ അനുവദിക്കുന്നതിനായി രേഖകൾ പരിശോധിച്ചത്.

 2023 ഡിസംബർ 19ന്   സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് വരടിയം വില്ലേജ് ഓഫീസിൽ ഹിയറിങ് സംഘടിപ്പിച്ചത്. കൈവശമുള്ള രേഖകൾ പരിശോധിച്ച് അർഹതപ്പെട്ട കുടുംബങ്ങൾക്ക് പട്ടയം മിഷന്റെ ഭാഗമായി പട്ടയങ്ങൾ വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

 പട്ടയ അസംബ്ലികൾ ചേർന്ന് മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും  വാർഡ് അടിസ്ഥാനത്തിൽ  കുടുംബങ്ങളെ കണ്ടെത്തി പട്ടയങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഓരോ പ്രദേശത്തെയും പട്ടയങ്ങൾ  പ്രത്യേകം കേസുകളായി പരിഗണിച്ച് ആവശ്യമായ നടപടികൾ കൈകൊണ്ടാണ് എംഎൽഎയുടെ നേതൃത്വത്തിൽ പട്ടയ വിതരണം മുന്നേറുന്നത്. പട്ടയ വിതരണത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന ഇച്ഛാശക്തിയുടെ തെളിവാണ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ തെലുങ്കർ കോളനി, മുണ്ടത്തിക്കോട് കുംഭാര കോളനി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 47 പട്ടയങ്ങൾ വിതരണം ചെയ്തത്. ഭൂമിയുടെ തരവുമായി ബന്ധപ്പെട്ട്  ഒരിക്കലും പട്ടയം ലഭിക്കില്ല എന്ന് കരുതിയിരുന്ന തെലുങ്കർ കോളനിയിലും 52 വർഷമായിട്ടും പട്ടയം ലഭിക്കാതിരുന്ന മുണ്ടത്തിക്കോട് കുംഭാര കോളനിക്കും സംസ്ഥാന സർക്കാർ പട്ടയങ്ങൾ അനുവദിച്ചു. ഇതേ മാതൃകയിൽ  പ്രശ്നങ്ങൾ പഠിച്ച് കൃത്യമായ ഇടപെടലിലൂടെ എല്ലാവർക്കും പട്ടയങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയാണ്  പട്ടയമിഷൻ.

വില്ലേജ് ഓഫീസിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരും താലൂക്ക് ഓഫീസിൽ നിന്നുള്ള ആറ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം മൂന്ന് സ്ക്വാഡുകളായാണ്  രേഖകൾ പരിശോധിച്ചത്.  ഹിയറിങ്ങിൽ തൃശ്ശൂർ തഹസിൽദാർ ടി ജയശ്രീ, ഭൂരേഖ തഹസിൽദാർ എം സന്ദീപ് , ഡെപ്യൂട്ടി തഹസിൽദാർ എം എസ് മുരളി, വില്ലേജ് ഓഫീസർ ടി എസ് സതീഷ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ എ മണികണ്ഠൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, വാർഡ് മെമ്പർ സിബി സജീവൻ, എൻ കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date