Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സമാപനം

കലാകേരളത്തിന്റെ നാളെകളുടെ പതാകവാഹകരായ തലമുറകളുടെ കലാസംഗമോത്സവത്തിന് കൊടിയിറക്കം. ഇല്ലം മറന്ന് കൊല്ലത്ത്കൂടിയ കൗമാരപ്രതിഭകള്‍ക്ക് അംഗീകാരമുദ്രയായി സമ്മാനമഴയും. കലാസൗകുമാര്യത്തിന്റെ ദിനരാത്രങ്ങള്‍ക്ക് തിരശീലവീഴുമ്പോള്‍ സംഘാടനമികവിന്റെ പുതുചരിത്രപിറവിക്കുകൂടിയാണ് ഒരു ജനതസാക്ഷിയാകുന്നത്.

മഴത്തുള്ളികിലുക്കത്തിന്റെ സംഗീതവും ഇടകലര്‍ന്ന വൈകുന്നേരങ്ങള്‍ കൂടുതല്‍ ജസാന്ദ്രമാകുകയായിരുന്നു. 75 ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രാമം മൈതാനത്തിന്റെ വിസ്തൃതിയെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു ജനസാഗരം.

അപ്പീലുകളുടെ അസാധാരണമായ കുത്തൊഴുക്കിനിടയിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി എന്ന മികവോടെയാണ് കലാമേള സമാപിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം പോലീസും ആരോഗ്യ-അഗ്‌നിരക്ഷ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൃത്യതയാര്‍ന്നതും ആസൂത്രണമികവോടെയുമുള്ള ഏകോപനവുമാണ് ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത കലാമേളയെ കുറ്റമറ്റതാക്കിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംഘാടക സമിതി ചെയര്‍മാനും ജില്ലയുടെ ചുമതലയുമുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും എല്ലാ ദിവസവും കലോത്സവത്തിന്റെ ക്രമീകരണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി. മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മത്സരാര്‍ഥികളില്‍ നിന്നടക്കമുള്ള പരാതികള്‍ തത്സമയം പരിഹരിക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിദിന അവലോകനയോഗങ്ങള്‍ ചേര്‍ന്നു. അപ്പീലുകളുടെ ബാഹുല്യത്തിലൂടെ ആദ്യദിനമത്സരങ്ങള്‍ നീണ്ടുപോയപ്പോള്‍ കര്‍ശനമായ നിര്‍ദേശത്തിലൂടെ സമയക്രമം ഉറപ്പാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് മുന്‍കൈയെടുത്തത്.

കലോത്സവവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ദിവസവും എണ്ണൂറിലേറെ പോലീസുകാരെയാണ് സുരക്ഷക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്. എസ് പി സി എന്‍ സി സി, ജെ ആര്‍ സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്‍ എസ് എസ് ഉള്‍പ്പടെ വോളന്റിയര്‍മാരായ 3200 കുട്ടികളാണ് വിവിധ വേദികളിലായി മികവുറ്റ സേവനം കാഴ്ചവച്ചത്.

12107 വിദ്യാര്‍ഥികള്‍ കലോത്സവത്തിന്റെ ഭാഗമായി. ഏറ്റവും അധികം കുട്ടികള്‍ മത്സരത്തിന് എത്തിയത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്- 1001. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ മത്സരത്തിന് എത്തിയത് ഇടുക്കി ജില്ലയില്‍ നിന്ന്-715. ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തത് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്. എസ്. ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ്. 205 വിധികര്‍ത്താക്കളാണ് കലോത്സവത്തിന്റെ ഭാഗമായത്. ആര്‍ക്കെതിരെയും ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.

കലോത്സവത്തിന്റെ ഭാഗമായ 20 കമ്മിറ്റികളും ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഇരുപതിനായിരത്തിലേറെപേര്‍ക്ക് ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം പരാതിക്കിടയാക്കാതെ നല്‍കാനായി. ശുചിത്വം ഉറപ്പാക്കാനും കലാമേളയ്ക്ക് കഴിഞ്ഞു.

പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരുന്നു മേള. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ് ഹരിതചട്ടപാലനത്തിന് നേതൃത്വം നല്‍കിയത്. മുന്നൂറോളം വരുന്ന എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ഹരിതകര്‍മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സ്‌കൂളുകളിലെ അറുപതോളം പ്രധാന അധ്യാപകര്‍, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവരാണ് ഹരിത മേളയുടെ പിന്നിലുണ്ടായിരുന്നത്. കുടിവെള്ളത്തിനായി പ്രത്യേകം മണ്‍കൂജകള്‍ സ്ഥാപിച്ചിരുന്നു.

അറുപതോളം മാധ്യമങ്ങളില്‍ നിന്ന് ആയിരത്തോളം മാധ്യമപ്രവര്‍ത്തകരാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത്. മാധ്യമങ്ങള്‍ക്കുള്ള എല്ലാ സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.

ജില്ലയിലെ എം എല്‍ എമാരും കോര്‍പ്പറേഷന്‍ മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തദ്ദേശസ്ഥാപന അധ്യക്ഷ•ാരും മേളയുടെ വിജയത്തിനായി മികച്ച പിന്തുണയേകി. യാത്രയും ഭക്ഷണവും താമസസൗകര്യവും ചികിത്സയും ഒരുക്കി സംഘടനകളും തൊഴിലാളികളും സ്ഥാപനങ്ങളും കൗമാരകലോത്സവത്തിന്റെ ഭാഗമാകുകയായിരുന്നു.

date