Skip to main content

കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ വാർഡുതല ജനാഭിമുഖം 'ജനകീയം 2024':  കുഴുപ്പിള്ളിയിൽ വിജയകരമായ പരിസമാപ്തി

 

വൈപ്പിൻ മണ്ഡലത്തിലെ ജനങ്ങളിലേക്ക് താഴെത്തട്ടുവരെ ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി ഓരോ വാർഡിലുമെത്തി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നടത്തുന്ന മുഖാമുഖം പരിപാടിക്ക്  കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ വിജയകരമായ പരിസമാപ്തി. 'ജനകീയം 2024' പരിപാടിയിൽ  ഈ മാസം 12നാണ് കുഴുപ്പിളളിയിൽ ഓരോ വാർഡിലുമെത്തി ജനങ്ങളുമായി സംസാരിക്കുന്നതിനു തുടക്കമിട്ടത്. ഇന്നലെ 13 വാർഡുകളും പൂർത്തിയാക്കി. അപൂർവ്വാനുഭവം പകരുന്നതായി കുഴുപ്പിള്ളിയിലെ ജനകീയം 2024 എന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. 

വാർഡുതല, വ്യക്തിഗത പൊതു പ്രശ്നങ്ങളിൽ ഒപ്പമുണ്ടെന്ന  വിശ്വാസവും പിന്തുണയും ജനങ്ങൾക്കു പകരുന്നതായി പദ്ധതി.  മുഖ്യമന്ത്രിയുടെ ചികിത്സ സഹായം, ദുരിതാശ്വാസം തുടങ്ങി സർക്കാരിന്റെ നിരവധിയായ  ക്ഷേമ പദ്ധതികൾ സംബന്ധിച്ച്  അവബോധമില്ലാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിന് സംവിധാനമൊരുക്കും.     പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിയുന്നത്ര വേഗം തുടർനടപടികൾ ഉണ്ടാകും. 

പദ്ധതി ജനങ്ങൾ ഹൃദയത്തിലേറ്റി എന്നതിനു നിദർശനമായി ഓരോ വാർഡിലെയും  ജനകീയാനുഭവം. രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ വാർഡംഗങ്ങളും ജനകീയത്തിൽ ക്രിയാത്മകമായി പങ്കെടുത്തത് മാതൃകാ പരമാണെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു . ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ.എസ് നിബിൻ പരിപാടിക്ക് നേതൃത്വം നൽകി. 

വിവിധ ഘട്ടങ്ങളിലായി മണ്ഡലത്തിലെ ശേഷിക്കുന്ന ഏഴു പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും ജനകീയം 2024 നടത്തും.

date