Skip to main content

സ്ത്രീധന വ്യാപനം തടയാന്‍ പൊതു സമൂഹത്തിന്റെ ജാഗ്രത ഉയര്‍ത്താനാവണം: അഡ്വ. പി. സതീദേവി

 

 സ്ത്രീധന സമ്പ്രദായത്തിനെതിരേ സാമൂഹിക അവബോധം ഉയര്‍ത്താന്‍ നടപടി ശക്തമാക്കണമെന്ന്  വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീധന നിരോധന നിയമം 1961 സംബന്ധിച്ച് വനിതാ കമ്മിഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ സംഘടിപ്പിച്ച നിയമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
 പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നിയമം ഉണ്ടായിട്ടും ഇത് അനുശാസിക്കുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിക്കാനാവാത്തത് പൊതുസമൂഹത്തില്‍ നില നില്‍ക്കുന്ന സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെയുള്ള ആത്മഹത്യാ പ്രവണതകളുടെയും വര്‍ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാതലത്തില്‍ സമൂഹത്തെ ആകെ ജാഗ്രതപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കേണ്ടതുണ്ട്. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയുക്തമാക്കിയിട്ടുള്ള സംസ്ഥാനം എന്ന നിലയില്‍ താഴെതലം വരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  സാധ്യമാവുന്നതാണ്. 
   പുതിയ തലമുറ മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കേരളീയ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ വ്യാപനം തടയാനോ, അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഇല്ലാതാക്കാനോ കഴിയുന്നില്ല. പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. വിലപേശി വില്‍ക്കേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന ധാരണ രക്ഷിതാക്കള്‍ക്കും ഉണ്ടാകണം. സ്ത്രീകളുടെ സാമൂഹിക പദവി ഇടിച്ചു താഴ്ത്താന്‍ ഇടവരുത്തുന്ന ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും ഇല്ലായ്മ ചെയ്യാന്‍ കേരളീയ സമൂഹം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ഉപഭോഗ സംസ്്കാരത്തിന്റെ പിടിയില്‍ അകപ്പെടുന്ന പ്രവണതകള്‍ അഭിലഷണീയമല്ല. വിവാഹം ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ കുടുംബ പ്രവേശനത്തിന് തുടക്കം കുറിക്കുന്നതാകുമ്പോള്‍ കൂട്ടുത്തരവാദിത്തത്തോടെ  ജീവിതത്തെ സമീപിക്കണം.  കുടുംബ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുന്നതില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവിലുള്ള ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനുള്ള ശിപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
  യോഗത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ,  മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍,  ഡയറക്ടര്‍ ഷാജി സുഗുണന്‍,  ലോ ഓഫീസര്‍ പ്രീതി അര്‍ നായര്‍,  ഫിനാന്‍സ് ഓഫീസര്‍ ലീജ ജോസഫ്, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, 14 ജില്ലകളിലെയും സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date