Skip to main content

ഏലൂരിൽ ബയോകംബോസ്റ്റർ ബിൻ വിതരണോദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു

 

ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി ഏലൂർ മുനിസിപ്പാലിറ്റിയിൽ ബയോകംബോസ്റ്റർ ബിൻ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ചു.

നഗരസഭയിലെ 7000 വീടുകളിലാണ് ബിൻ വിതരണം ചെയ്യുന്നത്. 2023-24 വാർഷിക പദ്ധതി പ്രകാരം ശുചിത്വമിഷന്റെ ഡിപിആർ പ്രോജക്ടിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ 35 ലക്ഷം രൂപ ചെലവിൽ 2600 എണ്ണവും രണ്ടാംഘട്ടത്തിൽ 85 ലക്ഷം രൂപ ചെലവിൽ 4400 എണ്ണവുമാണ് വിതരണം ചെയ്യുന്നത്.

നഗരസഭയിൽ നേരത്തെ രണ്ട് ഘങ്ങട്ടകളിലായി 2600 ബിന്നുകൾ വിതരണം ചെയ്തിരുന്നു. എല്ലാ വീടുകളിലും ഉറവിടമാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിന് ഈ പദ്ധതി സഹായകരമാകും. വരും ദിവസങ്ങളിൽ ബിൻ വാർഡുകളിൽ വിതരണം ചെയ്യുമെന്ന് ചെയർമാൻ എ.ഡി സുജിൽ പറഞ്ഞു.

ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്യുന്ന സർക്കാർ ഏജൻസിയായ കൈക്കോ കമ്പനി ഹരിത കർമ്മ സേന അംഗങ്ങളെ ഉപയോഗിച്ച് ഫീഡ്ബാക്ക് പരിശോധിക്കുകയും പദ്ധതി നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. 

കൗൺസിലർമാരായ ടി.എം. ഷെനിൻ, വി.എ. ജെസ്സി, പി.എ.ഷെറീഫ്, നിസി സാബു, കെ.എ.മാഹിൻ, കെ.ആർ. കൃഷ്ണപ്രസാദ്, എസ്. ഷാജി,  ക്ലിൻ സിറ്റി മാനേജർ എസ്.പി. ജെയിംസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date