Skip to main content

ദേശീയപാത 66 മൂത്തകുന്നം - ഇടപ്പള്ളി: 2025 ഏപ്രിൽ 25നകം പൂർത്തിയാക്കും: മന്ത്രി പി.രാജീവ്

 

മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66ൻ്റെ നിർമാണം 2025 ഏപ്രിൽ 25നകം പൂർത്തിയാക്കുമെന്ന് വ്യവസായ-നിയമ- കയർവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൻ്റെ വികസനത്തിൽ പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയപാത 66 നിർമാണം. ലഭ്യമായ ഭൂമി ഉപയോഗിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

പറവൂർ നഗരസഭയിലും വടക്കേക്കര, വരാപ്പുഴ, ചിറ്റാറ്റുകര, ആലങ്ങാട്, കോട്ടുവള്ളി, ചേരാനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. 

റോഡുകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകണം. കുടിവെള്ള പ്രശ്നം പരിശോധിക്കാൻ കളക്ടറുടെ മേൽനോട്ടത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ എന്നിവർ പ്രശ്ന ബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തി അടിയന്തരമായി പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. റോഡ് സേഫ്റ്റി അതോറിറ്റി ഇത്തരം കാര്യങ്ങൾ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് കോഓർഡിനേറ്റർ മധുസൂദനനെ മന്ത്രി ചുമതലപ്പെടുത്തി. 

അവലോകന യോഗത്തിൽ ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date