Skip to main content
എളവള്ളിയിൽ സമ്പൂർണ്ണ പ്ലാവ് ഗ്രാമം; രണ്ടാം ഘട്ടം തുടങ്ങി

എളവള്ളിയിൽ സമ്പൂർണ്ണ പ്ലാവ് ഗ്രാമം; രണ്ടാം ഘട്ടം തുടങ്ങി

എളവള്ളി ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും പ്ലാവ് തൈ വെച്ചുപിടിപ്പിക്കുന്ന സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി. പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. ക്ഷേമ കാര്യസ്ഥിരം സമിതി ചെയർപേഴ്സൺ എൻ.ബി ജയ അധ്യക്ഷയായി.

100 രൂപ വിലയുള്ള ആയുർജാക്ക് ഇനത്തിൽപ്പെട്ട 2500 തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. എഴുപത്തിയഞ്ച് ശതമാനം സബ്സിഡി നൽകുന്നതിനാൽ 25 രൂപയ്ക്ക് ഒരു തൈ ലഭിക്കും. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവ് രണ്ട് ചതുരശ്ര അടി വിസ്തീർണ്ണത്തിലും രണ്ടടി താഴ്ചയിലും തയ്യാറാക്കിയ കുഴികളിലാണ് നടേണ്ടത്. കൃത്യമായ നന കൊടുത്താൽ വർഷത്തിൽ എല്ലാ സമയവും കായ്ഫലം തരുന്ന ഇനമാണ് ആയുർ ജാക്ക്.

ചടങ്ങിൽ ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി വിഷ്ണു, ജീന അശോകൻ, രാജി മണികണ്ഠൻ, സൗമ്യ രതീഷ്, പി.എം അബു, ശ്രീബിത ഷാജി, എം.പി ശരത് കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷീല മുരളി, കൃഷി ഓഫീസർ സി.ആർ രാജേഷ്, കൃഷി അസിസ്റ്റൻ്റ്മാരായ പി.ആർ ശുഭ, കെ. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

date