Skip to main content

ഭയപ്പെടുത്തിയുള്ള പരിശീലനം കുട്ടികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നു: ബാലാവകാശ കമ്മീഷന്‍

ഭയപ്പെടുത്തിയുള്ള പരിശീലനം കുട്ടികളില്‍ വലിയ തോതിലുള്ള മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. കെ വി മനോജ് കുമാര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംസ്ഥാന പോലീസ് വകുപ്പും ചേര്‍ന്ന് എസ് പി സി അധ്യാപകര്‍ക്കായി നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ നല്ലതിനെന്ന് വിചാരിച്ച് രക്ഷിതാക്കളും അധ്യാപകരും നിര്‍ബന്ധപൂര്‍വ്വം നടത്തുന്ന പരിശീലനവും മറ്റും വലിയ മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കുന്നത്. പരീക്ഷപ്പേടിയും സ്‌കൂളുകളില്‍ നിന്നുള്ള അസൈന്‍മെന്റുകള്‍ ചെയ്യാന്‍ കഴിയാത്തതിന്റെ പേരിലുമെല്ലാം കുട്ടികള്‍ വീടുവിട്ട് പോകുന്ന കേസുകള്‍ കൂടിവരികയാണ്. ഇതിന് പ്രധാന കാരണം കുട്ടികളിലുണ്ടാകുന്ന ഭയവും മാനസിക സമ്മര്‍ദവുമാണ്.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പലപ്പോഴും മുതിര്‍ന്നവര്‍ മനസിലാക്കുന്നില്ല. കുടുംബ കോടതികളില്‍പോലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ടാകുന്നു. കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പലപ്പോഴും അവരുടെ അന്തസും മൂല്യങ്ങളും ഹനിക്കപ്പെടുന്നു. സ്വകാര്യതയ്ക്കും അന്തസിനുമുള്ള അവകാശം പ്രായപൂര്‍ത്തിയായവര്‍ക്കെന്നപോലെ കുട്ടികള്‍ക്കുമുണ്ട്. എന്നാല്‍ സമൂഹം ഇതേക്കുറിച്ച് അജ്ഞരാണ്. ഈ മേഖലയില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണെന്നും സമൂഹത്തിന്റെ അപചയങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് എസ് പി സി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പൊലീസ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ എസിപി ടി കെ രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. എ പി ഹംസക്കുട്ടി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡേവിഡ് റെജി മാത്യു എന്നിവര്‍ ക്ലാസെടുത്തു. വീടുകള്‍ ബാലസൗഹൃദമാകണമെന്നും
മൗലികാവകാശങ്ങള്‍ കുട്ടികള്‍ക്ക് കൂടിയുള്ളതാണെന്ന് നാം മറക്കരുതെന്നും ഹംസക്കുട്ടി പറഞ്ഞു.
എസ് പി സി എഡിഎന്‍ ഒ കെ രാജേഷ്, ഡി ഡാഡ് സൈക്കോളജിസ്റ്റ് എന്‍ സുധീഷ്ണ, എസ്പിസി കമ്മ്യൂണിറ്റി പൊലിസ് ഓഫീസര്‍ മീനാകുമാരി, എസ് പി സി പ്രോജക്ട് അസിസ്റ്റന്റ് സി എം ജയദേവന്‍ എന്നിവര്‍ സംസാരിച്ചു

date