Skip to main content

സ്റ്റുഡന്റ്സ് സഭയുടെ സംസ്ഥാനതല ഉദ്ഘാടനം ജനവരി 23ന് ചേലക്കരയിൽ

സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണം, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സഭയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ജനുവരി 23 ചൊവ്വാഴ്ച 2 മണിയ്ക്ക് ചേലക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാക്യഷ്ണൻ നിർവ്വഹിക്കും.
സംസ്ഥാന എൻ.ആർ.ഐ. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്.പി.ടി.രാജൻ  അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളെയും വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള നൂതന പദ്ധതിയാണ് സ്റ്റുഡന്റ്സ് സഭ. മണ്ഡലത്തിലെ 40 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളാണ് സ്റ്റുഡന്റ്സ് സഭയിൽ പങ്കെടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സ്റ്റുഡന്റ്സ് സഭാംഗങ്ങളായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പന്ത്രണ്ട് വികസന വിഷയങ്ങളെ
 ആസ്പദമാക്കി  സർവ്വേകൾ  നടത്തുകയും പഞ്ചായത്ത് തലത്തിൽ ക്രോഡീക്യത റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സർവ്വേ കണ്ടെത്തലുകൾ സ്റ്റുഡന്റ്സ് സഭയിൽ വിദ്യാർഥികൾ എം.എൽ.എ. യുമായി പങ്കുവയ്ക്കും. അവർക്കു വേദിയിൽ വച്ചുതന്നെ എം.എൽ.എ. മറുപടി പറയുകയും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കുകയും ചെയ്യും. ഓരോ മണ്ഡലത്തിലെയും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും എങ്ങനെ എന്ന് വിദ്യാർത്ഥി സമൂഹത്തിന് അവബോധം നൽകുവാനും പാർലമെന്ററി ജനാധിപത്യമൂല്യങ്ങൾ, ബഹുസ്വരത, സാമൂഹ്യ പ്രതിബദ്ധത, ഭരണഘടനാ തത്വങ്ങൾ എന്നിവ സംബന്ധിച്ച അവബോധം യുവതലമുറയിലേയ്ക്ക് പകരുന്നതിനും സ്റ്റുഡന്റ്സ് സഭ സഹായകരമാകും. സ്റ്റുഡന്റ്സ് സഭയിൽ നിന്നും തെരെഞ്ഞെടുക്കുന്ന കമ്മിറ്റി തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാർ, ഉന്നത ഉദ്യേഗസ്ഥർ  തുടങ്ങിയവരുമായി ചർച്ചകൾ  നടത്തുകയും പദ്ധതി നിർവ്വഹണത്തിലും പ്രശ്ന  പരിഹാരങ്ങളിലും പ്രേരകശക്തിയായി പ്രവർത്തിക്കുകയും ചെയ്യും. സ്റ്റുഡന്റ്സ് സഭയിൽ ചേലക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ 40 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപക-രക്ഷകർതൃ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 500 ലധികം പ്രതിനിധികൾ സംബന്ധിക്കുമെന്ന് പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി അറിയിച്ചു.

date