Skip to main content

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാണെന്നു ഉറപ്പാക്കണം: ജില്ലാ കളക്ടര്‍

ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. എല്ലാ കേന്ദ്രങ്ങളിലും ഓഫ് റോഡ് ജീപ്പ് സഫാരിക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതും പുതുതായി ആരംഭിക്കുന്നതുമായ പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ ഭാഗമായി. ഇതില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് ആദ്യം സ്ഥലം തിരഞ്ഞെടുത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതായും കൂടുതല്‍ പഞ്ചായത്തുകള്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിനോദസഞ്ചാര വകുപ്പ് ഡെ. ഡയറക്ടര്‍ ഷൈന്‍ കെ. എസ്, ഡി.റ്റി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, കെഎസ്ഇബി, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

date