Skip to main content

അംബേദ്കര്‍, അയ്യങ്കാളി സ്മൃതിമണ്ഡപം മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു

കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെയും നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശില്‍പിയുടെയും അയ്യങ്കാളിയുടെയും പ്രതിമകള്‍ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
സ്മൃതി മണ്ഡപ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളില്‍ ടൈല്‍ വിരിക്കുന്നതിനും മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനുമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് അടി ഉയരത്തില്‍ 300 കിലോ വെങ്കലത്തിലാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രതിമകള്‍ നിര്‍മ്മിച്ച ശില്‍പ്പികളെയും നഗരസഭാ അധ്യക്ഷയെയും കോര്‍ഡിനേഷന്‍ കമ്മറ്റി ആദരിച്ചു.
തുടര്‍ന്ന് മിനി സ്റ്റേഡിയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി നിര്‍വ്വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മിച്ചത്.
നഗരസഭാ വൈസ് ചെയര്‍മാന്‍ കെജെ ബെന്നി, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date