Skip to main content
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വികസന സെമിനാർ സർക്കാർ ചീഫ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു.
കാർഷിക -ആരോഗ്യ -സേവന അടിസ്ഥാന മേഖലകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ ഉൾപ്പെടെ പശ്ചാത്തല വികസനത്തിനും, മാലിന്യ സംസ്‌കരണം ,പരിസ്ഥിതി, വയോജന -ഭിന്നശേഷി, സ്ത്രീ സൗഹൃദ പദ്ധതികളാണ് നടപ്പാക്കുക. കരട് പദ്ധതി രേഖ ബ്ലോക്ക് പ്‌ളാൻ കോ-ഓർഡിനേറ്റർ വി.എം സജി അവതരിപ്പിച്ചു. ഇടയിരിക്കപ്പുഴ, കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവയ്ക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയത്.
കാർഷിക മേഖലയ്ക്ക് 56 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതിക്കായി ഗ്രാമപഞ്ചായത്തുകൾക്ക് 42ലക്ഷം രൂപയും, പട്ടികജാതിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു കോടി 14 ലക്ഷം രൂപയും, ഇതിൽ പഠനമുറി പണിയുന്നതിനായി 36 ലക്ഷം രൂപയും, പശ്ചാത്തല സൗകര്യ വികസനത്തിനായി 35 ലക്ഷം രൂപയും വകയിരുത്തി.
വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഓപ്പൺ ജിംനേഷ്യം, ഹാപ്പിനസ്സ് പാർക്ക് എന്നിവ നിർമ്മിക്കും. കൂടാതെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഈ വർഷം തന്നെ ആരംഭിക്കുമെന്നും ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റംലാബീഗം, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാജി പാമ്പൂരി, ലതാ ഷാജൻ, പി.എം ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ പി.എൻ സുജിത്ത് എന്നിവർ പങ്കെടുത്തു.
 
 

date