Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-01-2024

മാതൃജ്യോതി പദ്ധതി: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുഞ്ഞിന്റെ പരിചരണത്തിനായി പ്രതിമാസം രണ്ടായിരം രൂപ രണ്ട് വര്‍ഷത്തേക്ക് ലഭിക്കും. സുനീതി പോര്‍ട്ടല്‍( https://suneethi.sjd.kerala.gov.in ) വഴി
അപേക്ഷിക്കാം. ഫോണ്‍: 0497 2997811, 8281999015.

എബിസിഡി ക്യാമ്പ് 27ന്

ആലക്കോട്, നടുവില്‍, ഉദയഗിരി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുളള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ അഥവാ എബിസിഡി ക്യാമ്പ് ജനുവരി 27ന് ആലക്കോട് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഐടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കി അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കി ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഉത്തരവിട്ടു.

കുടിവെള്ള വിതരണം മുടങ്ങും

ജിക്ക ട്രാന്‍സ്മിഷന്‍ മെയിനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണ്ണപുരം, മാട്ടൂല്‍, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ ജനുവരി 24, 25 തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ജനുവരി 31 വരെ സമര്‍പ്പിക്കാം.  അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും.  ഫോണ്‍: 0497 2712549.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ ചെങ്ങല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. അപേക്ഷ ഫെബ്രുവരി 28ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

2018 മെയ് വരെ നടന്ന അഖിലേന്ത്യാ അപ്രന്റിസ്ഷിപ് ട്രേഡ് ടെസ്റ്റില്‍ വിജയിച്ച  ട്രെയിനികളില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവ വാങ്ങാത്തവര്‍ ഫെബ്രുവരി 15നകം കൈപ്പറ്റണം.   തിരിച്ചറിയല്‍ കാര്‍ഡ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം കണ്ണൂര്‍ ആര്‍ ഐ സെന്ററില്‍ നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.

അപേക്ഷ ക്ഷണിച്ചു

2017-19 വര്‍ഷത്തില്‍ ഐടിഐകളില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്ന് പ്രാക്ടിക്കല്‍, എഞ്ചിനീയറിങ് ഡ്രോയിങ് സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04972835183. 

ഡ്രൈവിങ് ടെസ്റ്റ് മാറ്റി

ഇരിട്ടി സബ് ആര്‍ ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടില്‍ ജനുവരി 27ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0490 2490001.

രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന്  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി - 50  വയസില്‍ താഴെ.
താല്‍പര്യമുള്ളവര്‍ ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497  2707610, 6282942066.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 9072592458, 9747527514

ലേലം

വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പരിയാരം അംശം ദേശം റി.സ.നം.29/101 ലെ 0.0324 ഹെക്ടര്‍ സ്ഥലം ജനുവരി 30ന് രാവിലെ 11.30ന് പരിയാരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ പരിയാരം വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

 

 
ഇ ടെണ്ടര്‍

ജില്ലാ പഞ്ചായത്തിന്റെ  കുഞ്ഞിമംഗലം വെങ്കല ഗ്രാമം പദ്ധതിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 27ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.   കൂടുതല്‍ വിവരങ്ങള്‍ http://etenders.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2700928.

ടെണ്ടര്‍

എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 31ന് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2852100.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് അംശം ദേശത്ത് പ്രൊ.സ.852/120ല്‍ പെട്ട 0.0401 ഹെക്ടര്‍ സ്ഥലവും അതില്‍ ഉള്‍പ്പെട്ട സകലതും ജനുവരി 30ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0490 2494910.

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മലാല്‍, വെള്ളപൊയില്‍, കാരായി മുക്ക്, കൊടക്കളം, എഞ്ചിനീയറിങ് കോളേജ്, പെരുന്താറ്റില്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 24 ബുധന്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുകണ്ടി, ഹെറിറ്റേജ് ഹോം, അഞ്ചുകണ്ടി കുന്ന്, വെസ്റ്റ്‌ബേ, അഞ്ചുകണ്ടി റൈസ്മില്‍, ചിറക്കല്‍കുളം, പൂചാടിയന്‍ വയല്‍, ജുമായത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 24 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

date