Skip to main content

ഭൂമി തരം മാറ്റം; അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് : മന്ത്രി കെ. രാജന്‍

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് അര്‍ഹരായ മുഴുവന്‍ അപേക്ഷകളിലും ഈ മാസം തന്നെ തീരുമാനമെടുക്കുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. പാലക്കാട് റവന്യു സബ് ഡിവിഷന്‍ സംഘടിപ്പിച്ച ഭൂമി തരം മാറ്റം അദാലത്ത് പാലക്കാട് മേഴ്‌സി കോളെജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്ന കാര്യത്തില്‍ മന്ത്രി ആര്‍.ഡി.ഒ ഡി. അമൃതവല്ലിക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഭൂമി തരം മാറ്റത്തിനായി 25 സെന്റില്‍ താഴെ വരുന്ന 2775 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1286 പേര്‍ക്ക് തരം മാറ്റിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശരിയായ രീതിയില്‍ അപേക്ഷിക്കാത്ത 405 അപേക്ഷകള്‍ തിരിച്ചയച്ചു. അപേക്ഷ നല്‍കിയ വിലാസത്തില്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് പുതുക്കിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 
പൂര്‍ണരൂപത്തില്‍ എത്താതെ വില്ലേജുകളിലുള്ള 477 അപേക്ഷകള്‍ അഞ്ചുദിവസത്തിനകം ക്ലസ്റ്റര്‍ തിരിച്ച് ആര്‍.ഡി.ഒ ഓഫീസില്‍ ലഭിക്കണം. റവന്യൂ കാര്യാലയത്തില്‍ 407 അപേക്ഷകളാണുള്ളത്. ഇവയെല്ലാം ചേര്‍ത്ത് ജനുവരിയില്‍ തന്നെ അപേക്ഷകളില്‍ തീരുമാനമാകും. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി അതില്‍നിന്നും ഒഴിവാക്കുന്നതിന് അപേക്ഷിച്ചവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്നതാണ് സര്‍ക്കാര്‍ നയം. 
സുന്ദരം കോളനിയിലെ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിന് പാലക്കാട് നഗരസഭയില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, പാലക്കാട് എം.എല്‍.എ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈനായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബാലസുബ്രഹ്മണ്യം, സച്ചിന്‍ കൃഷ്ണ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date