Skip to main content

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും സര്‍ക്കാര്‍ ചുമതല*: മന്ത്രി കെ. രാജന്‍

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും സര്‍ക്കാരിന്റെ ചുമതലയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കടമ്പഴിപ്പുറം ഒന്ന്, കടമ്പഴിപ്പുറം രണ്ട് എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം പുലാപറ്റ കടമ്പഴിപ്പുറം രണ്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. റവന്യൂ വകുപ്പിന്റെ ചുമതല അതിദരിദ്രരായ ഭൂരഹിതര്‍ക്ക് ഭൂമി ഉണ്ടാക്കിക്കൊടുക്കലാണ്. 2024ല്‍ അതിദരിദ്രരായ എല്ലാ ഭൂരഹിതര്‍ക്കും റവന്യൂ വകുപ്പ്  ഭൂമി ഉണ്ടാക്കി കൊടുക്കുമെന്നും മന്ത്രി അറിയിച്ചു. 
2025ല്‍ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറു. റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ക്ക് ഇപ്പോള്‍ വേഗത വര്‍ധിപ്പിച്ചു. മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എത്രയോ കാലങ്ങളായി പല കാരണങ്ങളാല്‍ കൊടുക്കാന്‍ സാധിക്കാതിരുന്ന പട്ടയങ്ങള്‍ കൊടുക്കാന്‍ സാധിച്ചു. കൈയ്യേറ്റക്കാരില്‍നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കും എന്ന നയമാണ് സര്‍ക്കാരിന്റേത്.
ഇന്ത്യയില്‍ ആദ്യമായി യൂണീക് തണ്ടപ്പേര് സിസ്റ്റം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകള്‍ കുറഞ്ഞതായും മന്ത്രി പറഞ്ഞു. പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്താകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date