Skip to main content

തെന്നിലാപുരം പാലം ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തെന്നിലാപുരം പാലത്തിന്റെ പൂര്‍ത്തീകരണോദ്ഘാടനം ഇന്ന് (ജനുവരി 23) രാവിലെ 10.30 ന് തെന്നിലാപുരം പാലം പരിസരത്ത് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനാകും. മുന്‍ തരൂര്‍ എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.കെ ബാലന്‍ മുഖ്യാതിഥിയാകും. കെ.ആര്‍.എഫ്.ബി നോര്‍ത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ എസ്. ദീപു സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തരൂര്‍ നിയോജകമണ്ഡലത്തില്‍ കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മംഗലം പുഴക്ക് കുറുകെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.63 കോടിയിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കണ്ണമ്പ്ര, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. സുമതി, സി. രമേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത പോള്‍സണ്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എ ജയ, കെ.ആര്‍.എഫ്.ബി പ്രൊജക്ട് ഡയറക്ടര്‍ എം. അശോക് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത് 9.63 കോടിയില്‍

തരൂര്‍ നിയോജകമണ്ഡലത്തില്‍ കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മംഗലം പുഴക്ക് കുറുകെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.63 കോടിയിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 77.1 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 25.55 മീറ്ററില്‍ രണ്ട് സ്പാനുകളും 26 മീറ്ററില്‍ ഒരു സ്പാനുമുണ്ട്. 7.5 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ കൈവരിയോട് കൂടിയ നടപ്പാതയും ഉള്‍പ്പടെ പാലത്തിന് ആകെ 11 മീറ്റര്‍ വീതിയുണ്ട്. കണ്ണമ്പ്ര ഭാഗത്ത് 139 മീറ്ററും പാടൂര്‍ ഭാഗത്ത് 80 മീറ്ററും ഇരട്ടക്കുളം ഭാഗത്ത് 183 മീറ്ററും ഡി.ബി.എം, ബി.സി നിലവാരത്തില്‍ സമീപന റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

date