Skip to main content

മലമ്പുഴയില്‍ പൂക്കാലമൊരുക്കി പുഷ്പമേള തുടങ്ങി എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 ആരംഭിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മലമ്പുഴയില്‍ വികസനത്തിനും ഉദ്യാന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 കോടി അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും പഴയ പ്രതാപം തിരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള തുടക്കമാണ് പുഷ്പമേള. മലമ്പുഴ ഉദ്യാനത്തില്‍ അന്താരാഷ്ട്ര രീതിയിലുള്ള ശുചിമുറി പണിയുന്നതിനായി 1.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 44 കോടി രൂപ ചെലവില്‍ മലമ്പുഴ റിങ് റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. എസ്. ചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഹേമലത, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. മോഹന്‍, ക്യൂറേറ്റര്‍ പത്മജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പാലക്കാട് സ്വരലയയുടെ ഗാനോത്സവവും ജാഫര്‍ ഹനീഫയും സംഘത്തിന്റെയും റിതം ഗ്രിലോഗി ലൈവ് ബാന്‍ഡും അരങ്ങേറി.

മേളയില്‍ നാളെ

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 ല്‍ നാളെ (ജനുവരി24) വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ പാലക്കാട് വോയിസ് ഓഫ് കലക്ടറേറ്റ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ആറ് മുതല്‍ 8.30 വരെ കൊച്ചിന്‍ തരംഗ് ബീറ്റ്‌സ് അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേളയും അരങ്ങേറും.
 

date