Skip to main content

കളരിക്കല്‍ നിവാസികള്‍ക്ക് സ്വപ്നപാത ഒരുങ്ങുന്നു

ആലപ്പുഴ: സഞ്ചരിക്കാന്‍ ഞങ്ങള്‍ക്കൊരു വഴി വേണം....നാളുകള്‍ നീണ്ട ഈ പരാതിക്ക് പരിഹാരമാകുന്നതിന്റെ സന്തോഷത്തിലാണ് തുറവൂര്‍ മൂന്നാം വാര്‍ഡ് കളരിക്കല്‍ ഭാഗത്തെ നിരവധി കുടുംബങ്ങള്‍.  

തുറവൂര്‍ കളരിക്കല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി താമസിക്കുന്ന പത്തൊന്‍പതോളം കുടുംബങ്ങളാണ് ഒരു സൈക്കിള്‍ പോലും കൊണ്ടുപോകാന്‍ വഴിയില്ലാതെ ഒട്ടേറെ നാളുകളായി ബുദ്ധിമുട്ടിലുള്ളത്. റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ട സാഹചര്യത്തില്‍ അവിടെയുള്ള തോടിന്റെ ഇരുകരകളിലും കരിങ്കല്ലുകെട്ടി മുകളില്‍ സ്ലാബ് സ്ഥാപിച്ച് റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. 250 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ വീതിയിലും തോടുവഴിയുള്ള നീരൊഴുക്കിന് യാതൊരുവിധ തടസ്സവും വരാത്ത രീതിയില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. റോഡ് നിര്‍മ്മാണത്തിനുള്ള ആദ്യഘട്ട നടപടികളുടെ ഭാഗമായി തോടിന്റെ കരകള്‍ കല്ല് കെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി.

ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കുന്നതിന് ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക വിനിയോഗിച്ച് തോടിന്റെ കരകളിലായുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം റോഡ് പണിക്കായുള്ള നടപടികള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രധാന പാതയായ ടി.ഡി.എം. റോഡുമായി ബന്ധിക്കുന്ന ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പത്തൊന്‍പതോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി വഴിയും നൂറ്റന്‍പതോളം കുടുംബങ്ങള്‍ക്ക് യാത്ര എളുപ്പത്തിലാവുന്ന പുതിയ സഞ്ചാര മാര്‍ഗമായും ഈ റോഡ് മാറും.

date