Skip to main content

മത്സ്യത്തൊഴിലാളിയുടെ മരണം   അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

 

കോഴിക്കോട് മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷ് എന്ന മത്സ്യത്തൊഴിലാളി,  വെള്ളയിൽ പോലീസ് പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് മരണപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15  ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ്  ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. അടുത്ത മാസം 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

ജനുവരി 9 നാണ്  സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രജനീഷിനെ പോലീസ് പിന്തുടർന്നതായി ഭാര്യ പ്രേമ നൽകിയ പരാതിയിൽ പറയുന്നു.

രജനീഷ് കനാലിൽ വീഴുന്നത് കണ്ടിട്ടും പോലീസ് നോക്കിനിന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയില്ലെന്നും പരാതിയിലുണ്ട്. ഒരു മണിക്കൂറിന് ശേഷം  പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. രജനീഷ് അബദ്ധത്തിൽ കനാലിൽ വീണതായി വരുത്തി തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഭാര്യ പറയുന്നു.

date