Skip to main content

വോട്ടറാകുന്നത്‌ ജനാധിപത്യത്തിലെ ഏറ്റവും വലിയ അംഗീകാരം ; വയലാര്‍ ശരത് ചന്ദ്രവര്‍മ്മ -ദേശീയ സമ്മതിദായകദിനം; ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു 

ആലപ്പുഴ: വോട്ടറാകുന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ അംഗീകാരമെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ആഘോഷ പരിപാടികള്‍ സെന്റ് ജോസഫ്‌സ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഏറ്റവും വലിയ അവകാശമായ സമ്മതിദാനം ഏവരും കൃത്യമായി മിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ഇലക്ഷന്‍ ഓഫീസറായ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ സമ്മതിദായക പ്രതിജ്ഞയും ക്വിസ് മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരവും നല്‍കി. 

പുതിയ വോട്ടര്‍മാര്‍ക്കുള്ള ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ് വിതരണം സബ് കളക്ടര്‍ സമീര്‍ കിഷന്‍ നിര്‍വഹിച്ചു. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷനായി. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, സ്വീപ്പ് ജില്ല നോഡല്‍ ഓഫീസര്‍ ഫിലിപ്പ് ജോസഫ്, സെന്റ് ജോസഫ് കോളജ് കോമേഴ്സ് വിഭാഗം മേധാവി ഡോ.വി.എസ്. സുലീന, സിനിമാനടനും സംവിധായകനുമായ സാജിദ് യഹിയ, ഏഷ്യന്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പില്‍ ജംബില്‍ സ്വര്‍ണ്ണവും ലോങ്ങ് ജംബില്‍ വെങ്കല മെഡലും നേടിയ ഷീജ മനോഷ്, ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ആര്‍. ശ്രീലക്ഷ്മി, ഫുട്സാല്‍ ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ആന്‍സണ്‍ ബെന്നിച്ചന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല താലൂക്ക് കേന്ദ്രങ്ങളിലും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 'സമ്മതിദാനത്തിനുപകരമില്ല എന്റെ വോട്ട് ഉറപ്പാക്കും' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.

കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ. എ.കെ. ദിലു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date