Skip to main content
കിഴങ്ങുവര്‍ഗ കൃഷിക്കൊരുങ്ങി പട്ടണക്കാട് വനിതാ കാര്‍ഷിക ഗ്രൂപ്പുകള്‍

കിഴങ്ങുവര്‍ഗ കൃഷിക്കൊരുങ്ങി പട്ടണക്കാട് വനിതാ കാര്‍ഷിക ഗ്രൂപ്പുകള്‍

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കിഴങ്ങുവര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കാനൊരുങ്ങി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ വനിതാ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് കിഴങ്ങുവര്‍ഗ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പരിധിയിലെ അരൂര്‍, കുത്തിയതോട് എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ പഞ്ചായത്തുകളിലേക്കായി കിഴങ്ങുവര്‍ഗ വിത്തുകള്‍ അടങ്ങുന്ന 270 കിറ്റുകളാണ് വിതരണം ചെയ്തത്. ഓരോ കിറ്റിലും ആയിരം രൂപയുടെ വിത്തുകള്‍ കൃഷിക്കാവശ്യമായ ജൈവവളം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കിറ്റുകള്‍ ലഭിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകള്‍ക്ക് വിള പരിപാലനത്തിനുള്ള വിശദമായ ക്ലാസുകള്‍ കൃഷിഭവന്‍ മുഖേന ഉറപ്പാക്കും.
 
കിഴങ്ങുവര്‍ഗ കൃഷി ആരംഭിക്കുന്ന വനിതാഗ്രുപ്പുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും കൃഷി ആരംഭിക്കുന്നതിനുള്ള നിലം ഒരുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്തുകൊടുക്കുമെന്നും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി പറഞ്ഞു. പരിപാടിയില്‍ വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി, വൈസ് പ്രസിഡന്റ് എം.ജി നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.വി ബാബു, അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ റേച്ചല്‍ സോഫിയ, കൃഷി ഓഫീസര്‍ അഖില്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date