Skip to main content
കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ദേശീയ സമ്മതിദായകദിനാചരണം  ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ സമ്മതിദായകദിനം ആചരിച്ചു

കോട്ടയം : 'വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്ന സന്ദേശവുമായി പതിനാലാമത് ദേശീയ സമ്മതിദായകദിനം ജില്ലയിൽ ആചരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് ആൻഡ് ഇലക്ട്രൽ ലിറ്ററസി ക്‌ളബ് എന്നിവയുടെ ആഭിമുഖ്യത്തിൽ
സി.എം.എസ് കോളജിലെ ജോസഫൈൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവതലമുറ പങ്കാളിയാകണമെന്നും ഓരോ വോട്ടും പ്രധാനമാണെന്നും, എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്നും ജില്ലാ കളക്ടർ  പറഞ്ഞു.
ചടങ്ങിൽ സ്വീപ് നോഡൽ ഓഫീസർ അമൽ മഹേശ്വർ അധ്യക്ഷത വഹിച്ചു. സ്വീപ്പ് ജില്ലാ ഐക്കൺ ശ്രുതി സിത്താര സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച  പ്രവർത്തനം കാഴ്ചവച്ച ബി.എൽ.ഒമാരായ എ.എൻ ഉഷാകുമാരി , ഉണ്ണികൃഷ്ണൻ നായർ എന്നിവരെ ചടങ്ങിൽ കളക്ടർ അനുമോദിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായവർക്ക് സമ്മാനങ്ങൾ  നൽകി. ഏറ്റവും കൂടുതൽ ഇ-എൻറോൾമെന്റ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ കളക്ടർ വിതരണം ചെയ്തു. ദേശീയ സമ്മതിദായകദിനത്തിന്റെ ഭാഗമായി എങ്ങനെ വോട്ട് ചെയ്യാം എന്ന്  പരിചയപ്പെടുത്തലും കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തവും അരങ്ങേറി.
 താഹസിൽദാർ എസ്.എൻ അനിൽകുമാർ, സ്‌കൂൾ ഇലക്ഷൻ ക്‌ളബ് ജില്ലാ കോ- ഓർഡിനേറ്റർ സാജൻ അലക്‌സ്, സി.എം.എസ്. കോളജ് പ്രിൻസിപ്പൽ  പ്രൊഫ. വർഗീസ് സി ജോഷ്വാ എന്നിവർ പങ്കെടുത്തു.

 

date