Skip to main content

മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്കു ഇന്ന് ( ജനുവരി 26) തുടക്കമാകും

കോട്ടയം: അഞ്ചാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് ഇന്നു (ജനുവരി 26ന് )തുടക്കമാകും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ കാഞ്ഞിരം-തിരുവാർപ്പ്- സർവീസ് സഹകരണ ബാങ്കുകൾ, തിരുവാർപ്പ് മത്സ്യതൊഴിലാളി സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട മലരിക്കൽ ടൂറിസം മേള പ്രദേശത്തെ സ്ഥിരം ടൂറിസം കേന്ദ്രമായി അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണു സംഘടിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടനം ഇന്ന് ( ജനുവരി 26) വൈകിട്ട് അഞ്ചിന് സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിക്കും. നദി പുന സംയോജന പദ്ധതി കോ-ഓഡിനേറ്റർ അഡ്വ. കെ അനിൽകുമാർ ആമുഖം പ്രസംഗം നടത്തും. മീനച്ചിലാറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പുസ്തകം രചിച്ച ഡോ. ലതാ പി ചെറിയാനെ ചടങ്ങിൽ ഓയിൽ പാം മുൻ ചെയർമാൻ വി.ബി ബിനു ആദരിക്കും. തുടർന്ന് ഫ്യൂഷൻ തിരുവാതിര, വാമൊഴി പാട്ടുകൾ , ഡാൻസ് പരിപാടികൾ എന്നിവ നടക്കും.
രണ്ടാം ദിനമായ ജനുവരി 27ന് വൈകിട്ട് ആറിന് മലരിക്കൽ ടൂറിസം കേന്ദ്രം, വികസനത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. തോമസ് ചാഴികാടൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിനു വിഷയാവതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വള്ളം കളി മത്സരവും,തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും .
മൂന്നാം ദിനം ജനുവരി 28 ന് വൈകിട്ട് ആറിന് ഉദ്യോഗസ്ഥതല സംഗമവും ജനകീയ കൂട്ടായ്മ യോഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. കോട്ടയം സഹകരണ കാർഷിക ബാങ്ക് പ്രസിഡൻറ് അഡ്വ.ജി ഗോപകുമാർ പങ്കെടുക്കും. തുടർന്ന് വിവിധങ്ങളായ മത്സരങ്ങളും കലാപരിപാടികളും നടക്കും.

 

 

date