Skip to main content

എറണാകുളം ജനറൽ ആശുപത്രി : വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച ( ജനുവരി 26) മന്ത്രി വീണാ ജോർജ് നിർവഹിക്കും

 

 എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലേബർ റൂം കോംപ്ലക്സ്, മെഡിക്കൽ ഐ.സി.യു , ഒപി കൗണ്ടർ & വെയ്‌റ്റിംഗ് ഏരിയ, സ്പെഷ്യാലിറ്റി ബ്ലോക്ക് എക്സ്റ്റൻഷൻ, അനുഗാമി- ടു ഹീൽ ടുഗെതർ, പൂമ്പാറ്റ കുട്ടികളുടെ പാർക്ക്, ബേൺസ് യുണിറ്റ്, ഇൻഷുറൻസ് ഡെസ്ക്, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം നടക്കും.

 ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും, മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്,  മുൻ എം.എൽ.എ ലൂഡി ലൂയിസ് എന്നിവർ മുഖ്യാതിഥികളാവും. വാർഡ് കൗൺസിലർ പത്മജ മേനോൻ, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി രോഹിണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ , രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

പുതിയ ലേബർ റൂം സമുച്ഛയം, രണ്ടാമത്തെ മെഡിക്കൽ ഐ.സി.യു ,മുൻ എംഎൽഎ  ലൂഡി ലൂയിസിൻറെ ആസ്തി വികസന ഫണ്ടിൽ പണി തീർത്ത സ്പെഷ്യലിറ്റി ഒ.പി എക്സ്റ്റൻഷൻ,
ഹൈബി ഈഡൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ച് പണി തീർത്ത ഒപി രജിസ്ട്രേഷൻ കൗണ്ടറും വെയ്റ്റിംഗ് ഏരിയയു, അനുഗാമി പാലിയേറ്റീവ് കെയർ പദ്ധതി, ഇൻഷുറൻസ് ഡെസ്ക്, പൂമ്പാറ്റ കുട്ടികളുടെ പാർക്ക്, ബേൺസ് യൂണിറ്റ്, വെബ്സൈറ്റ്  തുടങ്ങി ഒമ്പത് പദ്ധതികളാണ് പൂർത്തിയാക്കി ജനങ്ങൾക്കായി സമർപ്പിക്കുന്നത്. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, സി.എസ്.ആർ തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ  ഉപയോഗിച്ചാണ് പദ്ധതികൾ യാഥാർത്യമാക്കിയിരിക്കുന്നത്.

 94 ലക്ഷം രൂപ കാസ്പ് ഫണ്ട് ഉപയോഗിച്ചാണ്  ലേബർ റൂം കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഹെല്പ് ഡെസ്ക്, ഡോക്ടേർസ് റൂം, പ്രൊസീജർ ഏരിയ, വെയ്റ്റിംഗ് റൂം, നഴ്സിംഗ് ബേ, രണ്ട് ലേബർ സ്യുട്ട്, ആറ് ലേബർ കോർട്ടുകൾ, സെപ്റ്റിക് ലേബർ റൂം, സ്റ്റോർ, ബേബി റെസീസിറ്റേഷൻ കോർണർ, സ്റ്റാഫ് റസ്റ്റ് റൂം, മുതലായ എല്ലാ സൗകര്യങ്ങളും സജ്ജമാണ് . ഒരേ സമയം ഒമ്പത് പ്രസവങ്ങൾ എടുക്കുവാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. ലേബർ സ്യുട്ട് ഉൾപ്പെടെ എല്ലാ ലേബർ കിടക്കകൾക്ക് അരികിലും ബർത്ത്  കംപാനിയാൻ ഷിപ്പിനുള്ള സൗകര്യവുമുണ്ട്. 15 കിടക്കകളോടെയാണ് പുതിയ മെഡിക്കൽ ഐസിയു സജ്ജമായിരിക്കുന്നത്.ആവശ്യമായ കിടക്കകൾ മോണിറ്ററുകൾ വെന്റിലേറ്ററുകൾ എന്നിവയെല്ലാം എച്.ഡി.എസ് കാസ്പ് ഫണ്ട് ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്.

പുതിയ സൗകര്യങ്ങളോടെയാണ് ഒ.പി രജിസ്ട്രേഷൻ കൗണ്ടറും വെയിറ്റിംഗ് ഏരിയയും  സജ്ജമാക്കിയിരിക്കുന്നത്. 7 കൗണ്ടറിനും കൗണ്ടർ മൈക്ക് സിസ്റ്റം,  ഉൾപ്പെടെയുള്ള പബ്ലിക് അഡ്രെസ്സിങ് സംവിധാനങ്ങൾ, ആശുപത്രി കവാടം, ഗാർഡൻ ഏരിയ തുടങ്ങിയ രോഗി സൗഹൃദ സംവിധാനങ്ങൾ  പദ്ധതിയുടെ ഭാഗമായി ചെയ്തിട്ടുണ്ട്. സൈക്കാട്രി , ഡെന്റൽ, പീഡിയാട്രിക് വിഭാഗങ്ങളുടെ  ഒ.പി പുതിയ ഒ.പി കെട്ടിടത്തിൽ പ്രവർത്തിക്കും. മുൻ എം.എൽ.എ ലൂഡി ലൂയിസിന്റെ ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ സ്പെഷ്യാലിറ്റി ഒപി എക്സ്റ്റൻഷൻ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 20 പിജി ഡോക്ടർമാർക്കുള്ള താമസ സൗകര്യവും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

 ക്രോണിക് അൾസർ രോഗികളെ നൂറു  ദിവസത്തെ കർമ്മ പദ്ധതിയിലൂടെ സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനുഗാമി ടു ഹീൽ പദ്ധതി നടപ്പിലാക്കുന്നത്.
ചികിത്സയോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കൂടി കണക്കിലെടുത്തുകൊണ്ടാണ് പൂമ്പാറ്റ: കുട്ടികളുടെ പാർക്ക് പദ്ധതി കൊച്ചിൻ ഷിപ്പിയാർഡിൻറെ 15 ലക്ഷം രൂപ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പൂർത്തിയായിരിക്കുന്നത് . 
1.21 കോടി രൂപ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ബേൺസ് യൂണിറ്റ്  പദ്ധതി പൂർത്തിയാക്കുന്നത്. രണ്ട് ഐ.സി.യുവും, 4  സ്റ്റെപ് ഡൗൺ ഐ.സി.യു , വാർഡ് ഏരിയയും ഉൾപ്പെടെ ആറ് കിടക്കകളും ലിഫ്റ്റും , പ്രോസിജർ ഏരിയ, സലയിൻ ബാത്ത്, നഴ്സിംഗ് സ്റ്റേഷനുകൾ തുടങ്ങി എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ഇൻഷുറൻസ് ഡെസ്ക്  പദ്ധതി പൂർത്തിയാക്കുന്നത്. പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഇൻഷുറൻസ് ഡെസ്ക് പുതിയ കൗണ്ടറിലേക്ക് മാറ്റുന്നത് കൂടുതൽ രോഗികൾക്ക് പ്രയോജനമാകും. സർവീസ് ഏരിയ, ഓഫീസ് ഏരിയ എന്നിങ്ങനെ രണ്ട് മേഖലകൾ ഈ ഡെസ്കിനുണ്ടാകും. 16 കാസ്പ് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സൗകര്യം ഈ ഡെസ്കിൽ ഉണ്ടാകും. ഏച്. ഡി. എസ് ഫണ്ട് ഉപയോഗിച്ചാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.

date